ന്യൂഡെൽഹി: രാജ്യത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവുമധികമുള്ള സംസ്‌ഥാനങ്ങളിൽ കേരളം രണ്ടാം സ്‌ഥാനത്ത്. സംസ്‌ഥാനത്തെ ടിപിആർ 33.07 ശതമാനമായി ഉയർന്നിരിക്കുകയാണ്. ടിപിആർ ഏറ്റവും കൂടുതൽ ഗോവയിലാണ്. 41 ശതമാനത്തിന് മുകളിലാണ് ഗോവയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ ശരാശരി 19.65 ശതമാനത്തിൽ തുടരുമ്പോഴാണ് സംസ്‌ഥാനങ്ങളിലെ ടിപിആർ ദിനംപ്രതി കുതിക്കുന്നത്.
ജനുവരി 1ന് കേരളത്തിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനമായിരുന്നു. ഇത് ജനുവരി 10ന് 12.68ഉം ജനുവരി 15ന് 26.96 ശതമാനവുമായി ഉയർന്നു. ജനുവരി 16ന് 30 കടന്ന ടിപിആർ ഇന്നലെ 33ഉം കടന്ന് 33.07 ശതമാനത്തിൽ എത്തി. സംസ്‌ഥാനത്ത് രേഖപ്പെടുത്തുന്നതിൽ ഏറ്റവും ഉയർന്ന ടിപിആറാണ് ഇന്നലത്തേത്. കഴിഞ്ഞ ഒരാഴ്‌ച കൊണ്ട് ടിപിആറിൽ ഉണ്ടായ വർധന 21 ശതമാനമാണ്. സംസ്‌ഥാനത്തെ രോഗവ്യാപനം എത്രകണ്ട് തീവ്രമാണെന്ന് തെളിയിക്കുന്നതാണ് ടിപിആറിലെ ഈ കുതിപ്പ്.
കഴിഞ്ഞ ആഴ്‌ചയെ അപേക്ഷിച്ച് കോവിഡ് കേസുകളിൽ 182 ശതമാനം വർധനയാണ് ഉണ്ടായത്. ഇന്നലത്തെ ടിപിആർ ദേശീയ ശരാശരി 19.65 ശതമാനമാണ്. ഡെൽഹി 28%, ബംഗാൾ 26.43%, മഹാരാഷ്‌ട്ര 20.76%, തമിഴ്‌നാട് 17%, കർണാടക 12.45% എന്നിങ്ങനെയാണ് ടിപിആർ.
ഗോവയിൽ 41.52% ആണ് ഇന്നലത്തെ ടിപിആർ. 5,236 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. ഇതിൽ 2174 പേർക്ക് രോഗം സ്‌ഥിരീകരിച്ചു. അതേസമയം, കേരളത്തിൽ ഇന്നലത്തെ കേസുകൾ 22,846ഉം, നടത്തിയ സാമ്പിൾ പരിശോധന 69,373 ആയിരുന്നു. കേരളത്തിലെ ഏറ്റവും ഉയർന്ന ടിപിആർ തിരുവനന്തപുരം ജില്ലയിലാണ് (44.02%). ജില്ലയിൽ പരിശോധിക്കുന്ന രണ്ടുപേരിൽ ഒരാൾക്ക് ബാധയെന്ന് ചുരുക്കം.
Also Read: ആരോഗ്യ പ്രവർത്തകരുടെ അനാസ്‌ഥ; പ്രതിരോധ കുത്തിവെപ്പ് എടുത്ത കുട്ടികൾക്ക് ദാരുണാന്ത്യം