തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പ് ശ്രമം നടക്കുന്നതായി കേസിലെ പ്രതി സ്വപ്ന സുരേഷ്. വിവരങ്ങൾ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് പുറത്തുവിടുമെന്നും സ്വപ്ന സുരേഷ് സാമൂഹിക മാദ്ധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കി. ‘സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാൻ വൈകിട്ട് അഞ്ചു മണിക്ക് ലൈവിൽ വരും’ എന്നാണ് സ്വപ്ന പോസ്റ്റിൽ കുറിച്ചത്.
അതേസമയം, സ്വപ്ന നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവരികയാണ്. തുടർച്ചയായ രണ്ടു ദിവസങ്ങളിലായി ഒമ്പത് മണിക്കൂർ വീതമാണ് ചോദ്യം ചെയ്തത്. ഇഡി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ.
ലൈഫ് മിഷൻ ഭവന പദ്ധതിക്ക് വേണ്ടി ലഭിച്ച 18 കോടിയുടെ വിദേശ സഹായത്തിൽ 4.50 കോടി രൂപ കോഴയായി തട്ടിയെടുത്തെന്നാണ് കേസ്. പ്രതികളായ സ്വപ്നയും സരിത്തും സിഎം രവീന്ദ്രനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ലൈഫ് മിഷൻ കോഴയിടപാട് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡ് ചെയ്തിരുന്നു. 23 വരെയാണ് റിമാൻഡ് കാലാവധി.
Most Read: വൈദേകം റിസോർട്ട് വിവാദം; ഓഹരികൾ ഒഴിവാക്കാനൊരുങ്ങി ജയരാജന്റെ കുടുംബം







































