ന്യൂഡെൽഹി: നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന പരസ്യദാതാക്കളുടെ അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി ഗൂഗിൾ. 2024ൽ ഇന്ത്യയിൽ ഇത്തരത്തിലുള്ള 2.9 ദശലക്ഷം അക്കൗണ്ടുകളും 247.4 ദശലക്ഷം പരസ്യങ്ങളും താൽക്കാലികമായി നീക്കം ചെയ്തതായി ഗൂഗിൾ അറിയിച്ചു.
ആഗോളതലത്തിൽ 39.2 ദശലക്ഷത്തിലധികം പരസ്യദാതാക്കളുടെ അക്കൗണ്ടുകളും 500 കോടി പരസ്യങ്ങളും താൽക്കാലികമായി നീക്കം ചെയ്തു. ഗൂഗിൾ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഗൂഗിൾ കൊണ്ടുവന്ന അമ്പതിലധികം മാറ്റങ്ങൾ വഴി നിയമവിരുദ്ധമായ പണമിടപാട് പോലുള്ള തട്ടിപ്പുകൾ പെട്ടെന്ന് മനസിലാക്കാൻ കഴിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, എഐ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പ് ഉൾപ്പടെയുള്ളവ പ്രതിരോധിക്കാൻ കമ്പനി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി നൂറിലധികം വരുന്ന വിദ്ഗധരുടെ ഒരു സംഘം പ്രവർത്തിക്കുന്നതായും ഗൂഗിൾ അറിയിച്ചു. ഇവരുടെ പ്രവർത്തന ഫലമായി 700,000ലധികം പരസ്യദാതാക്കളുടെ അക്കൗണ്ടുകൾ സ്ഥിരമായി നിരോധിച്ചു. ഇതുവഴി തട്ടിപ്പുകളിൽ 90% കുറവ് വരുത്താൻ കഴിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’







































