ബെംഗളൂരു: റോഡപകടങ്ങള്‍ കുറക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ വിളിച്ചുണര്‍ത്തുന്ന സ്ളീപ് ഡിറ്റക്റ്ററുകള്‍ ഉള്‍പ്പടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ബസുകളില്‍ സ്‌ഥാപിക്കുമെന്ന് സംസ്‌ഥാന ഗതാഗത മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ ലക്ഷ്‌മണ്‍ സവാഡി വ്യക്‌തമാക്കിയതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡ്രൈവര്‍ എത്രമാത്രം ജാഗ്രത പുലര്‍ത്തുന്നുവെന്ന് കണ്ടെത്താന്‍ ഡ്രൈവറുടെ മുഖവും റെറ്റിനയും നിരന്തരം നിരീക്ഷിക്കുന്ന ക്യാമറകള്‍ ഉള്‍പ്പെടുന്ന സംവിധാനമാണ് സ്ളീപ് ഡിറ്റക്റ്ററുകള്‍. യാത്രക്കിടയില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ ഇതുവഴി ബീപ് ശബ്‌ദം കൊണ്ടും ചുവന്ന ലൈറ്റു കൊണ്ടും മുന്നറിയിപ്പു നല്‍കും. ഇതിന് പുറമെ മറ്റേതെങ്കിലും വാഹനമോ വ്യക്തിയോ ആകസ്‌മികമായി ബസിന് മുന്നില്‍ വന്നാല്‍ സ്വയം ബ്രേക്ക് ചെയ്യുന്ന സാങ്കേതികവിദ്യയും ബസുകളില്‍ സ്‌ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ ചില അത്യാഡംബര കാറുകളില്‍ മാത്രമുള്ള ഈ സാങ്കേതിക വിദ്യ ബസുകളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ എല്ലാ സര്‍ക്കാര്‍ ബസുകളിലും ഘട്ടം ഘട്ടമായി സ്‌ഥാപിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Kerala News: പ്രതിപക്ഷ സമരം നാലാം ഘട്ടം; ഇന്ന് ആരംഭിക്കും
കൂടാതെ വിവിധ റൂട്ടുകളിലെ അപകടങ്ങള്‍ മൂലം സംസ്‌ഥാന ഗതാഗതവകുപ്പിന് 100 കോടി രൂപയുടെ അധിക നഷ്‌ടമാണ് സംഭവിക്കുന്നതെന്നും അപകടങ്ങള്‍ കൂടുതലും ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നത് കൊണ്ടാണ് ഉണ്ടാവുന്നതെന്നും മന്ത്രി ലക്ഷ്‌മണ്‍ സവാഡി പറഞ്ഞു.
ക്യാമറകള്‍, മുന്നറിയിപ്പ് സംവിധാനങ്ങള്‍, എതിര്‍ വശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, ബസിന് ചുറ്റുമുള്ള വാഹനങ്ങള്‍ തമ്മിലുള്ള ദൂരം എന്നിവ ഉള്‍പ്പെടെ നിരവധി സവിശേഷതകള്‍ ഈ സംവിധാനത്തില്‍ അടങ്ങിയിട്ടുണ്ട്.
Malabar News: കാപ്പാട് ഇനി രാജ്യാന്തര നിലവാരത്തിലേക്ക്
കൂട്ടിയിടി ഒഴിവാക്കുന്നതുമായ ബന്ധപ്പെട്ട സംവിധാനങ്ങള്‍ ഉപയോഗിച്ച് ട്രയല്‍ റണ്‍ നടന്നിട്ടുണ്ടെന്നും അത് തൃപ്‌തികരമാണെന്നും ആര്‍ടിസി ഉദ്യോഗസ്‌ഥര്‍ പറയുന്നു. ഈ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനുള്ള ടെണ്ടര്‍ പ്രക്രിയ പുരോഗമിക്കുകയാണെന്നും മൂന്നുമാസത്തിനുള്ളില്‍ നടപ്പിലാകുമെന്നുമാണ് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ വ്യക്‌തമാക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ഹൈവേകളില്‍ രാത്രി സര്‍വ്വീസ് നടത്തുന്ന അന്തര്‍ സംസ്‌ഥാന ബസുകളിലായിരിക്കും ഈ സംവിധാനങ്ങള്‍ സ്‌ഥാപിക്കുക.
അപകടങ്ങള്‍ തടയുന്നതിന് സാങ്കേതികവിദ്യ വളരെയധികം സഹായിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. അതുകൊണ്ടു തന്നെ ഇത്തരം ഹൈടെക് ഗാഡ്‌ജെറ്റുകള്‍ നിര്‍മ്മിക്കുന്ന കമ്പനികളുമായി കെഎസ്ആര്‍ടിസി ഉദ്യോഗസ്‌ഥര്‍ നേരത്തെ തന്നെ ബന്ധപ്പെട്ടിരുന്നതായി ആണ് റിപ്പോര്‍ട്ടുകള്‍.
Read Also: സിദ്ദീഖ് കാപ്പനെ വിട്ടു കിട്ടാനുള്ള കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും