വയനാട്: വെങ്ങപ്പള്ളി പഞ്ചായത്തിലെ പുതുക്കുടിക്കുന്നിൽ ആദിവാസി കുടുംബങ്ങൾക്ക് മികച്ച സകാര്യത്തോടുകൂടിയുള്ള വീടുകൾ നിർമിച്ച് സർക്കാർ. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ വെങ്ങപ്പള്ളി, കോട്ടത്തറ പഞ്ചായത്തുകളിലെ 49 ആദിവാസി കുടുംബങ്ങൾക്കാണ് വീടുകൾ നിർമിച്ചിരിക്കുന്നത്.
സ്വകാര്യ വ്യക്‌തിയിൽ നിന്നും 1.44 കോടി രൂപക്ക് സർക്കാർ വാങ്ങിയ 7 ഏക്കർ ഭൂമിയിലാണ് വീടുകൾ നിർമിച്ചിരിക്കുന്നത്. റോഡുകളുടെയും കുടിവെള്ള വിതരണത്തിനുള്ള സംവിധാനങ്ങളുടെയും നിർമാണം പുരോഗമിക്കുകയാണ്. രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള, ടോയ്‌ലറ്റ് എന്നിവയടങ്ങുന്ന വീടൊന്നിന് 6 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്.
2018ലെ പ്രളയത്തെ തുടർന്ന് മേഖലയിലെ നിരവധി കുടുംബങ്ങൾ മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. അത്തരം ആശങ്കകൾ ഇല്ലാതെ കഴിയാൻ സാധിക്കുന്ന സൗകര്യപ്രദമായ പാർപ്പിടം ആദിവാസി ജനതക്ക് നൽകുമെന്ന സർക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. കൂടുതൽ ഊർജസ്വലതയോടെ ആ ലക്ഷ്യ സാക്ഷാൽക്കാരത്തിനായി സർക്കാർ മുന്നോട്ട് പോകുമെന്നും പറഞ്ഞാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്‌റ്റ് അവസാനിപ്പിച്ചത്.
Most Read: കെഎസ്ആർടിസി ശമ്പള വിഷയം; സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷ യൂണിയനുകൾ






































