തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കുന്നതിനിടെ ആത്‌മഹത്യക്ക് ശ്രമിച്ച് മരണത്തിന് കീഴടങ്ങിയ ദമ്പതികളുടെ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറച്ചു കരുതലോടെ കാര്യങ്ങളെ കൈകാര്യം ചെയ്‌തിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നും, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല വ്യക്‌തമാക്കി. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നിയമങ്ങള്‍ നടപ്പിലാക്കാനുള്ളത് തന്നെയാണെങ്കിലും സാഹചര്യങ്ങളെ സഹാനുഭൂതിയോടെ വിലയിരുത്തി ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യണം. അരമണിക്കൂര്‍ സാവകാശം ചോദിച്ചിട്ട് അത് പോലും നൽകാന്‍ ഉദ്യോഗസ്‌ഥര്‍ തയ്യാറായില്ലെന്നാണ് മരിച്ച ദമ്പതികളുടെ മക്കള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തൊഴിലും വരുമാനവും ഇല്ലാതെ കഷ്‌ടപ്പെടുന്ന ലക്ഷോപലക്ഷം ആളുകള്‍ നമുക്കിടയിലുണ്ട്. അത്തരത്തിലുള്ള ആളുകളുടെ പ്രതിനിധിയാണ് മരിച്ച ദമ്പതികള്‍ എന്ന് ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ വ്യക്‌തമാക്കി. ഒപ്പം തന്നെ ഇത്തരത്തിലുള്ള ദുരന്തം ഇനിയുണ്ടാകാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമിയില്‍ നിന്നും കുടിയൊഴിപ്പിക്കുന്നതിനിടെ ദമ്പതികളായ രാജനും അമ്പിളിയും തീകൊളുത്തി ആത്‌മഹത്യക്ക് ശ്രമിച്ചത്. 75 ശതമാനത്തിലധികം പൊള്ളലേറ്റ രാജന്‍ മരിച്ചതിന് പിന്നാലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഭാര്യ അമ്പിളിയും മരിച്ചു. സംഭവത്തിന് ശേഷം സമൂഹമാദ്ധ്യമങ്ങളില്‍ അടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന അമ്പിളിയുടെ മൃതദേഹം ഇന്ന് പോസ്‌റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Read also : ടിക്കറ്റ് നിരക്ക് കുറക്കണമെന്ന് കെഎസ്ആർടിസി; സ്വകാര്യ ബസുടമകൾക്ക് എതിർപ്പ്