തിരുവനന്തപുരം: ശബരിമലയിൽ അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്‌ഥാന സർക്കാർ പൂർണമായി പരാജയപ്പെട്ടെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ കെഎസ്ആർടിസിക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ ഇതിന് ഉത്തമ ഉദാഹരണമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ‘സ്വദേശി ദർശൻ’ പദ്ധതിയിൽ ശബരിമലയെ ഉൾപ്പെടുത്തി 100 കോടി രൂപ അനുവദിച്ചിട്ടും അത് നടപ്പിലാക്കുന്നതിൽ പോലും സംസ്‌ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
‘ശബരിമലയിൽ കോടിക്കണക്കിന് ഭക്‌തർ എത്തുമെന്ന് നേരത്തെ അറിയാമായിരുന്നിട്ടും ദേവസ്വം ബോർഡ് ഒരു സൗകര്യവും ഒരുക്കിയില്ല. സന്നിധാനത്തും പമ്പയിലും ശുചിത്വം ഉറപ്പുവരുത്തുന്നതിലും സർക്കാർ വീഴ്‌ച വരുത്തിയിട്ടുണ്ട്. ഹോട്ടലുകാർ ഉൾപ്പടെയുള്ള കച്ചവടക്കാർ ഭക്‌തരെ കൊള്ളയടിക്കുകയാണ്’-സുരേന്ദ്രൻ പറഞ്ഞു.
കെഎസ്ആർടിസി സർവീസ് ഭക്‌തരെ ചൂഷണം ചെയ്യുകയാണെന്ന് മന്ത്രി കെ രാധാകൃഷ്‌ണനും തുറന്ന് പറഞ്ഞു. ഭക്‌തരെ കുത്തിനിറച്ചു മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. സൗകര്യങ്ങൾ ഒരുക്കുന്നതിൽ പൂർണമായി പരാജയപ്പെട്ട സർക്കാരിന്റെ വിവിധ വകുപ്പുകളും ദേവസ്വം ബോർഡും പരസ്‌പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല വിഷയത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. ബന്ധപ്പെട്ട വകുപ്പുകളുടെ കെടുകാര്യസ്‌ഥതയും പരസ്‌പരമുള്ള ഏകോപനം ഇല്ലായ്‌മയും മൂലം ശബരിമല തീർഥാടനം ദുസ്സഹമായ സാഹചര്യത്തിൽ മുഖ്യമന്ത്രി തന്നെ പമ്പയിലെത്തി ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തിര യോഗം വിളിച്ചു പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ശബരിമലയിലെ സംവിധാനങ്ങളുടെ കാര്യത്തിൽ നിലവിലുള്ള പരാതികൾക്ക് ആഭ്യന്തര വകുപ്പും ദേവസ്വം വകുപ്പും അന്യോനം പഴിചാരുകയാണ്. അതുപോലെ, കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസുകളെ കുറിച്ച് തീർഥാടകരുടെ പരാതികൾ ദിനംപ്രതി വർധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ആവശ്യാനുസരണം സ്‌പെഷ്യൽ ബസ്സുകൾ അലോട്ട് ചെയ്‌തിട്ടില്ലെന്ന് മാത്രമല്ല, മോശപ്പെട്ട ബസ്സുകളാണ് സർവീസിന് അയച്ചിരിക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
പമ്പയിൽ നിന്ന് നിലയ്‌ക്കലേക്ക് കണ്ടക്‌ടർ ഇല്ലാതെ ഡ്രൈവർ മാത്രമുള്ള സർവീസ് കെഎസ്ആർടിസി പരീക്ഷിക്കുകയാണ്. ഇത് തീർഥാടകരെ വലയ്‌ക്കുന്നു. സാധാരണപോലെ ബസ്സിനകത്ത് ടിക്കറ്റ് എടുക്കാമെന്ന് കരുതി കയറുന്ന തീർഥാടകരാണ് ബുദ്ധിമുട്ടിലാകുന്നത്. കെഎസ്ആർടിസിയുടെ കാര്യക്ഷമത ഇല്ലായ്‌മയിൽ ദേവസ്വം മന്ത്രി തന്നെ നീരസം പരസ്യമായി പ്രകടിപ്പിക്കുക ഉണ്ടായെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
Most Read: തീർഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നു; കെഎസ്ആർടിസിക്ക് എതിരെ ദേവസ്വം മന്ത്രി