കോഴിക്കോട്: ജില്ലയിലെ വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തം അനുഭവിക്കുന്നവർക്ക് 10,000 രൂപ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുന്ന നാല് വാർഡുകളിൽ ഉള്ളവർക്കാണ് 10,000 രൂപ വീതം നൽകുക. തൊഴിലാശ്വാസ സഹായമായി 3000 രൂപ വീതം കുടുംബത്തിലെ ഒരാൾക്കും ലഭിക്കും.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. താൽക്കാലിക പുനരധിവാസം എന്ന നിലയിൽ മാറി താമസിക്കുന്നവർക്ക് വാടക വീട്ടിൽ താമസിക്കാൻ 6000 രൂപ നൽകും. ദുരന്തബാധിത വാർഡുകളിലെ എല്ലാവർക്കും സൗജന്യ റേഷൻ ഉറപ്പ് വരുത്താനും തീരുമാനിച്ചു. വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരെയും സർക്കാർ ചേർത്ത് പിടിക്കുമെന്ന് മന്ത്രി കെ രാജൻ പ്രതികരിച്ചു.
കഴിഞ്ഞ ജൂലൈ 29ന് രാത്രിയാണ് വിലങ്ങാട് ഉരുൾപൊട്ടിയത്. ഒഴുകിപ്പോയ കുമ്പളച്ചോല ഗവ. എൽപി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ കുളത്തിങ്കൽ കെഎ മാത്യുവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തി. 14 വീടുകൾ പൂർണമായി ഒഴുകിപ്പോയി. 112 വീടുകൾ വാസയോഗ്യമല്ലാതായി. നാല് കടകളും നശിച്ചു. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങൾ ഉൾപ്പടെ തകരുന്നതിൽ 156 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
Most Read| കുരുക്ക് മുറുകുന്നു; നടി പറഞ്ഞ കാലയളവിൽ സിദ്ദിഖ് ഹോട്ടലിൽ- നിർണായക തെളിവ്