തിരുവനന്തപുരം: ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ സർക്കാർ നടപടി തുടങ്ങി. അന്വേഷണത്തിനുള്ള അനുമതിക്കായി ഗവർണർക്ക് ഫയൽ കൈമാറി. രമേശ് ചെന്നിത്തല, കെ ബാബു, വിഎസ് ശിവകുമാർ എന്നിവർക്ക് പണം കൈമാറിയിട്ടുണ്ടെന്ന് ബാറുടമ ബിജു രമേശ് അടുത്തിടെ നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലാണ് അന്വേഷണത്തിനു സർക്കാർ നടപടികൾ ആരംഭിച്ചത്.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പൂട്ടികിടന്ന 418 ബാറുകൾ തുറക്കാനുള്ള അനുമതിക്കായി ബാറുടമകളിൽ നിന്നു 10 കോടി പിരിച്ചെടുത്തെന്നും ഒരു കോടി രൂപ ചെന്നിത്തലക്കും 50 ലക്ഷം കെ ബാബുവിനും 25 ലക്ഷം വിഎസ് ശിവകുമാറിനും കൈമാറിയെന്നും ആയിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. മുൻ മന്ത്രി കെ ബാബുവിന്റെ നിർദേശ പ്രകാരമായിരുന്നു പണം പിരിച്ചെടുത്തതെന്നും ബിജു രമേശ് പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ രഹസ്യാന്വേഷണം നടത്തി പ്രാഥമിക അന്വേഷണത്തിനു അനുമതി തേടിയുള്ള ഫയൽ വിജിലൻസ് സർക്കാരിനു കൈമാറി.
പ്രതിപക്ഷ നേതാവുൾപ്പെടെ ഉള്ളവർ അന്വേഷണ പരിധിയിൽ വരുമെന്നതിനാൽ ആണ് അന്വേഷണാനുമതി തേടി ഫയൽ വിജിലൻസിന്റെ ചുമതലയുള്ള സെക്രട്ടറി സഞ്‌ജയ് കൗൾ ഗവർണർക്ക് കൈമാറിയത്. ഗവർണർ കോവിഡ് സ്‌ഥിരീകരിച്ചു ചികിൽസയിൽ ആയതിനാലാണ് തീരുമാനം വൈകുന്നത്.
Also Read: കെടി ജലീൽ ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരാകും; ചോദ്യം ചെയ്യൽ മതഗ്രന്ഥം വിതരണം ചെയ്‌തതിൽ







































