തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻ മന്ത്രിമാർക്ക് എതിരായ അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് വിജിലൻസ് ഗവർണർക്ക് സമർപ്പിച്ച അപേക്ഷയിൽ തീരുമാനം എടുക്കാൻ വൈകും. നിലവിൽ അവധിയിലുള്ള വിജിലൻസ് ഡയറക്‌ടർ നേരിട്ടെത്തി ഗവർണറെ കണ്ട ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂയെന്നാണ് സൂചനകൾ. മുൻ മന്ത്രിമാരായ കെ ബാബു, വിഎസ് ശിവകുമാർ എന്നിവർക്ക് എതിരെയുള്ള പ്രാഥമിക അന്വേഷണത്തിന് അനുമതി തേടിയാണ് സർക്കാർ ഫയൽ ഗവർണർക്ക് കൈമാറിയത്.
ബാർ കോഴ ആരോപണത്തിൽ വിശദമായ നിയമ പരിശോധനക്ക് ശേഷം മാത്രം അനുമതി മതിയെന്നാണ് രാജ്ഭവൻ തീരുമാനം. ഇതിന്റെ അടിസ്‌ഥാനത്തിലാണ് വിജിലൻസ് ഡയറക്‌ടറോട് നേരിട്ട് കേസിന്റെ വിശദാംശങ്ങൾ ധരിപ്പിക്കാൻ ആവശ്യപ്പെട്ടത്.
രണ്ടാഴ്‌ചയായി അവധിയിലായ സുധേഷ് കുമാർ ഇതുവരേയും മടങ്ങിയെത്തിയിട്ടില്ല. അവധി കഴിഞ്ഞ് മടങ്ങിയെത്തുന്ന എസ് സുധേഷ് കുമാർ നേരിട്ടു കണ്ടു ഗവർണറെ കേസ് വിശദാംശങ്ങൾ ധരിപ്പിക്കും.
മാത്രമല്ല രാജ്ഭവൻ ചില മുതിർന്ന അഭിഭാഷകരിൽ നിന്നും നിയമോപദേശം തേടിയതായി സൂചനയുണ്ട്. രമേശ് ചെന്നിത്തലക്ക് എതിരെയുള്ള അന്വേഷണത്തിന് സ്‌പീക്കർ നേരത്തെ അനുമതി നൽകിയിരുന്നു. അതേസമയം, തനിക്കെതിരെയുള്ള അന്വേഷണം രാഷ്‌ട്രീയ പ്രേരിതമാണെന്ന് കാട്ടി ചെന്നിത്തല ഗവർണർക്ക് കത്തയച്ചിട്ടുണ്ട്.
Read Also: കഫീൽ ഖാനെ വിട്ടയച്ചതിനെതിരെ യോഗി സർക്കാർ സുപ്രീം കോടതിയിൽ