ന്യൂഡെൽഹി: കോൺഗ്രസ് പാർട്ടിക്ക് ദേശീയ തലത്തിൽ പുതിയ ഊർജം നൽകിയ ഭാരത് ജോഡോ യാത്രക്ക് രാജ്യത്തുടനീളം ലഭിച്ചത് മികച്ച പ്രതികരണമെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര ഇന്ന് കശ്മീരിൽ സമാപിച്ചതിന് ശേഷം പ്രതികരിക്കുക ആയിരുന്നു രാഹുൽ. യാത്ര വിജയം ആയിരുന്നുവെന്നും, ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമാണ് യാത്രയിലൂടെ ലഭിച്ചതെന്നും അദ്ദേഹം കശ്മീരിൽ പറഞ്ഞു.
വിദ്വേഷത്തിനെതിരായ, സ്നേഹത്തിന്റെ രാഷ്ട്രീയമാണ് യാത്രയിലൂടെ ജനങ്ങളോട് പറഞ്ഞത്. ജോഡോ യാത്രയുടെ ഫലം രാജ്യത്തിന് മുഴുവൻ ലഭിക്കുമെന്നും രാഹുൽ പറഞ്ഞു. പതാക ഉയർത്തിയ ശേഷം, ഇന്ത്യയ്ക്ക് നൽകിയ വാഗ്ദാനം ഇന്ന് പാലിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷം തോൽക്കും, സ്നേഹം ഇപ്പോഴും വിജയിക്കും. ഇന്ത്യയിൽ പ്രതീക്ഷകളുടെ പുതിയ ഉദയം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, സ്വന്തം കുടുംബത്തിലേക്ക് വന്ന അനുഭവമാണ് കശ്മീരിൽ എത്തിയപ്പോൾ ഉണ്ടായതെന്നും തന്റെ പൂർവികർ കശ്മീരിൽ നിന്നാണ് അലഹബാദിലേക്ക് കുടിയേറിയതെന്നും ഓർമിപ്പിച്ചു. ജമ്മു കശ്മീരിലെ ഇന്നത്തെ സ്ഥിതിയിൽ ജനങ്ങൾ തൃപ്തരല്ല. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങൾ കടുത്ത അതൃപ്തിയിലാണ്. കശ്മീർ പുനഃസംഘടനാ വിഷയത്തിൽ പാർട്ടി നിലപാട് പറഞ്ഞിട്ടുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.
അതേസമയം, രാവിലെ പന്താ ചൗക്കിൽ നിന്ന് ആരംഭിച്ച യാത്ര ഉച്ചക്ക് 12 മണിക്ക് ലാൽ ചൗക്കിലാണ് സമാപിച്ചത്. തുടർന്ന് രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തിയതോടെ പദയാത്രക്ക് സമാപനമായി. നാളെ ശ്രീനഗറിലാണ് സമാപന സമ്മേളനം നടക്കുക. സമ്മേനത്തിൽ 13 കക്ഷികൾ പങ്കെടുക്കും. പങ്കെടുക്കാത്ത പാർട്ടിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്. ജെഡിയു, ജെഡിഎസ്, തൃണമൂൽ കോൺഗ്രസ്, സിപിഎം തുടങ്ങിയ കക്ഷികളാണ് പ്രധാനമായും വിട്ടു നിൽക്കുന്നത്.
136 ദിവസം കൊണ്ട് 4080 കിലോമീറ്റർ പിന്നിട്ടാണ് യാത്ര ശ്രീനഗറിൽ എത്തിയത്. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ യാത്ര 12 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 75 ജില്ലകളിലൂടെ കടന്നുപോയി. നാളെ പാർട്ടി പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കുന്ന പൊതുറാലി നടത്തും.
Most Read: സിപിഎം-സംഘപരിവാർ ബന്ധത്തിൽ ഇടനിലക്കാർ സജീവം; വിഡി സതീശൻ








































