മുൻവിധികൾ മാറ്റിമറിച്ചുള്ള ഗംഭീര പ്രകടനവുമായി പൃഥ്വിരാജും ബേസിൽ ജോസഫും തകർത്തഭിനയിക്കുന്ന ചിത്രം ‘ഗുരുവായൂരമ്പല നടയിൽ’ കളർഫുൾ ആയി ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച മൗത്ത് പബ്ളിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചിത്രം ആദ്യദിനം എത്ര നേടുമെന്ന കളക്ഷൻ വിവരങ്ങളും പുറത്തുവരുന്നുണ്ട്.
പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൾ പ്രകാരം കേരളത്തിൽ നിന്ന് മാത്രം മൂന്ന് കോടിയോളം രൂപ ആദ്യദിനം ഗുരുവായൂരമ്പല നടയിൽ സ്വന്തമാക്കുമെന്നാണ് റിപ്പോർട്. കോമഡിക്കും നർമത്തിനും പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പ്രേമലുവിന് പിന്നാലെ തിയേറ്ററുകളിൽ വീണ്ടും ചിരി നിറയ്ക്കാൻ ചിത്രത്തിനായെന്നും പ്രേക്ഷകർ ഒന്നടങ്കം പറയുന്നുണ്ട്.
ത്രില്ലർ- ആക്ഷൻ- ഡാർക്ക് സിനിമകളുടെ രാജാവായ പൃഥ്വിരാജും ഫൺ- ഫാമിലി- എന്റർടെയ്നർ സിനിമകളുടെ തോഴനായ ബേസിൽ ജോസഫും ഒന്നിച്ച ചിത്രം എങ്ങനെയിരിക്കുമെന്ന് തലപുകഞ്ഞ് ചിന്തിച്ചവരാണ് ഓരോ പ്രേക്ഷകനും. എന്നാൽ, സിനിമയുടെ രസകരമായ പ്രൊമോഷൻ വീഡിയോയും ടീസറും ട്രെയ്ലറുമെല്ലാം ഏറെക്കുറെ സിനിമ എന്തായിരിക്കുമെന്ന ധാരണ പ്രേക്ഷകന് നൽകിയിട്ടുണ്ട്.
കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥ ഒരുക്കിയ ചിത്രം, വിപിൻ അഭ്രപാളിയിലെത്തിച്ചു. സിനിമയിൽ ആനന്ദൻ എന്ന കഥാപാത്രമായി പൃഥ്വിയും വിനു എന്ന കഥാപാത്രവുമായി ബേസിലും തകർത്തഭിനയിക്കുന്നു. ‘ഒരമ്മ പെറ്റ അളിയൻമാരെ പോലെ’ അങ്ങോട്ടുമിങ്ങോട്ടും സ്നേഹിക്കുന്ന ആനന്ദന്റെയും വിനുവിന്റെയും കഥയാണ് ഗുരുവായൂരമ്പല നടയിൽ പറയുന്നത്.
നിഖില വിമലൻ, അനശ്വര രാജൻ, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്വാൻ, കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ, മനോജ് കെയു, ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോൺകുട്ടിയാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം: നീരജ് രവി, സംഗീതം: അങ്കിത് മേനോൻ. പ്രത്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, E4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സിവി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
Most Read| എന്നുമുള്ള ചായയും കാപ്പി കുടിയും നിർത്തിക്കോ! ജാഗ്രത വേണമെന്ന് ഐസിഎംആർ








































