കണ്ണൂർ: മാതമംഗലത്തെ ഹാർഡ്‌വെയർ ഷോപ്പ് പൂട്ടിയ സംഭവത്തിൽ തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടൽ. വിഷയം ചർച്ച ചെയ്‌ത് പരിഹരിക്കാൻ ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തി. ഇരുവിഭാഗങ്ങളെയും വിശദമായി കേട്ട് പ്രശ്‌നം പരിഹരിക്കാനാണ് മന്ത്രി നിർദ്ദേശിച്ചത്. വിഷയത്തിൽ ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.
കഴിഞ്ഞ ദിവസമാണ് മാതമംഗലത്ത് പ്രവർത്തിച്ചിരുന്ന എസ്ആർ അസോസിയേറ്റ്‌സ് എന്ന ഹാർഡ്‌വെയർ സ്‌ഥാപനമാണ് സിഐടിയു ചുമട്ട് തൊഴിലാളികൾ സമരം നടത്തുന്നത് മൂലം അടച്ചു പൂട്ടിയത്. കടയിൽ സാധനം വാങ്ങാൻ എത്തുന്നവരെ സമരക്കാർ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും സംരംഭം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കടയുടമയായ റബീഹ് പറഞ്ഞിരുന്നു.
കഴിഞ്ഞ രണ്ട് മാസമായി തനിക്കെതിരെ സിഐടിയു പ്രവർത്തകർ സമരം നടത്തി വരികയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സ്വന്തം തൊഴിലാളികളെ കൊണ്ട് കടയിൽ സാധനങ്ങൾ കയറ്റാനും ഇറക്കാനും ഹൈക്കോടതിയിൽ നിന്ന് അനുമതി തേടിയിരുന്നു. ഇതിന് ശേഷം കടയുടെ മുന്നിൽ താൽക്കാലിക ഷെഡ് കെട്ടിയ സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തിയതിനാൽ ആരും കടയിലേക്ക് വരുന്നില്ലെന്നും അതിനാൽ കട അടച്ചിടുകയല്ലാതെ വേറെ മാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തൊഴിൽ നിഷേധത്തിനെതിരെയാണ് സമരമെന്നും ആരെയും ഭീഷണി പെടുത്തിയിട്ടില്ലെന്നുമാണ് സിഐടിയുവിന്റെ വിശദീകരണം. ചുമട്ട് തൊഴിലാളികളെ ചരക്ക് ഇറക്കാൻ അനുവദിച്ചില്ലെങ്കിൽ സമരം നിർത്തില്ലെന്നും കട പൂട്ടിപ്പോകുന്നത് തങ്ങളുടെ പരിഗണനയിൽ ഉള്ള വിഷയം അല്ലെന്നുമാണ് സിഐടിയുവിന്റെ നിലപാട്. ഇരുവിഭാഗങ്ങളുടെയും പ്രശ്‌നം കേട്ട ശേഷം വിഷയം പരിഹരിക്കാനാണ് ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
Most Read: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കൂട്ട പിരിച്ചുവിടൽ









































