പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ കൂട്ട പിരിച്ചുവിടൽ. വർഷങ്ങളായി വിവിധ തസ്‌തികയിൽ ജോലി ചെയ്‌തിരുന്ന 33 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇതിനെതിരെ ജീവനക്കാർ സമരവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു മുന്നറിയിപ്പും കൂടാതെയാണ് ഏഴ് വിഭാഗങ്ങളിലെ 33 ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് പരാതി. ഇവരിൽ ആദിവാസികൾ ഉൾപ്പടെ പലരും പത്ത് വർഷത്തിലധികം ജോലി ചെയ്‌തവരാണ്.
സാമ്പത്തിക പ്രതിസന്ധി മൂലമാണ് കൂട്ട പിരിച്ചുവിടൽ നടപടി ഉണ്ടാവാൻ കാരണമെന്നാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിൽ മതിയായ യോഗ്യത ഇല്ലാത്തവർ ജോലി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് അംഗീകരിക്കാൻ ആവില്ലെന്നും അതുകൊണ്ടാണ് നടപടി എടുത്തതെന്നുമാണ് സൂപ്രണ്ടിന്റെ നിലപാട്. എന്നാൽ, മറ്റൊരു ഉപജീവന മാർഗം ഇല്ലാതെ വഴിമുട്ടി നിൽക്കുകയാണ് തൊഴിലാളികൾ.
പ്രതിസന്ധി എന്തായാലും പ്രത്യേക പരിഗണന നൽകി ജോലിയിൽ നിലനിർത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അതിന് കഴിഞ്ഞില്ലെങ്കിൽ അനിശ്‌ചിതകാല സമരം തുടരുമെന്നും തൊഴിലാളികൾ അറിയിച്ചു. ഇവരിൽ പലർക്കും കഴിഞ്ഞ മൂന്ന് മാസമായിട്ട് ശമ്പളം ലഭിച്ചിട്ടില്ല. നേരത്തെ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് കോട്ടത്തറ ആശുപത്രിക്ക് മുമ്പിലെ ഭക്ഷണശാലയും പൂട്ടിയിരുന്നു.
Most Read: കണ്ണൂരിലെ ബോംബേറ്; പടക്കം വാങ്ങാൻ എത്തിയത് മൂന്ന് പേർ-നിർണായക ദൃശ്യങ്ങൾ പുറത്ത്