തിരുവനന്തപുരം: ഹരിത വിവാദത്തില്‍ നടപടിയുമായി സംസ്‌ഥാന വനിതാ കമ്മീഷന്‍. പരാതിക്കാരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു. മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍ നടപടിയിലേക്ക് കടക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു.
മൊഴി രേഖപ്പെടുത്താന്‍ ഇന്നലെ പരാതിക്കാരെ വിളിച്ചിരുന്നുവെന്നും എന്നാൽ പരാതിക്കാര്‍ അസൗകര്യം അറിയിച്ച സാഹചര്യത്തിൽ മാറ്റി വെക്കുകയായിരുന്നു എന്നും കമ്മീഷന്‍ അറിയിച്ചു.
അതേസമയം കോഴിക്കോട് സിറ്റിംഗ് വെച്ചാല്‍ നന്നാവും എന്നാണ് പരാതിക്കാരുടെ അഭിപ്രായം. എന്നാൽ നിപ ഭീതി നിലനിൽക്കുന്നതിനാൽ കോഴിക്കോട് സിറ്റിംഗ് നടത്താനാകുമോ എന്നറിയില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. പരാതിക്കാര്‍ക്ക് സൗകര്യപ്രദമായ സ്‌ഥലത്ത് വെച്ച് ഉടന്‍ മൊഴി രേഖപ്പെടുത്തുമെന്നും കമ്മീഷൻ വ്യക്‌തമാക്കി.
ഇതിനിടെ എംഎസ്എഫ് സംസ്‌ഥാന നേതാക്കളുടെ സ്‌ത്രീവിരുദ്ധ പ്രസ്‌താവനയിൽ പരാതി നൽകിയ ‘ഹരിത’യുടെ കമ്മിറ്റിയെ മുസ്‌ലിം ലീഗ് പിരിച്ചുവിട്ടു. മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ഹരിത നടത്തിയത് തികഞ്ഞ അച്ചടക്ക ലംഘനമാണ് എന്നാണ് ലീഗിന്റെ വിലയിരുത്തൽ. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എംപി, എംപി അബ്‌ദുസമദ് സമദാനി അടക്കമുള്ള മുതിര്‍ന്ന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
എംഎസ്എഫ് സംസ്‌ഥാന നേതാക്കൾക്ക് എതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണം എന്ന തങ്ങളുടെ ആവശ്യം ഹരിത നേതാക്കൾ അംഗീകരിക്കാതെ വന്നതാണ് ലീഗിനെ ചൊടിപ്പിച്ചത്. ലൈംഗിക അധിക്ഷേപം അടക്കം സ്‌ത്രീകൾക്കെതിരെ വളരെ മോശം പരാമർശങ്ങൾ നടത്തിയ പികെ നാവാസ് അടക്കമുള്ള എംഎസ്എഫ് നേതാക്കള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന നിലപാടില്‍ ഹരിത നേതാക്കള്‍ ഉറച്ചു നിൽക്കുകയാണ്. പ്രശ്‌നം അവസാനിപ്പിക്കാൻ പരസ്യ മാപ്പ് എന്ന തന്ത്രത്തിലൂടെ ലീഗ് ശ്രമിച്ചെങ്കിലും ഹരിത നേതാക്കൾ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ലീഗിന്റെ പ്രതികാര നടപടി.
Most Read: കെടി ജലീല്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകും; തെളിവുകള്‍ കൈമാറും








































