ന്യൂഡെൽഹി: ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിനും പാര അത്ലീറ്റ് പ്രവീൺ കുമാറിനും മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരത്തിന് ശുപാർശ. പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ചത് ഹർമൻപ്രീത് സിങ്ങായിരുന്നു. പാരിസ് പാരാലിംപിക്സിൽ ടി64 പുരുഷ ഹൈജംപിൽ സ്വർണം നേടിയ താരമാണ് പ്രവീൺ കുമാർ.
സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ നേതൃത്വം നൽകുന്ന 12 അംഗ സെലക്ഷൻ കമ്മിറ്റിയാണ് പുരസ്കാരത്തിനായി താരങ്ങളെ ശുപാർശ ചെയ്തത്. അതേസമയം, പാരിസിൽ ഇരട്ട മെഡലുകൾ നേടിയ ഷൂട്ടിങ് താരം മനു ഭാകറിന്റെ പേര് പട്ടികയിൽ ഇല്ല. മനു പുരസ്കാരത്തിനായി അപേക്ഷിച്ചിട്ടില്ലെന്നാണ് കായിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്.
എന്നാൽ, മനു അപേക്ഷ അയച്ചിരുന്നതായി താരത്തിന്റെ കുടുംബം പ്രതികരിച്ചിട്ടുണ്ട്. മനു അപേക്ഷിച്ചില്ലെങ്കിലും പാരിസിലെ ഗംഭീര വിജയങ്ങൾ പരിഗണിച്ചു കമ്മിറ്റിക്ക് പുരസ്കാരത്തിനായി ശുപാർശ ചെയ്യാമായിരുന്നു. കഴിഞ്ഞവർഷം ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അപേക്ഷിക്കാതെ തന്നെ അർജുന പുരസ്കാരം നൽകിയിരുന്നു. 2020ൽ മനു ഭാകറിന് രാജ്യം അർജുന പുരസ്കാരം നൽകി ആദരിച്ചിരുന്നു.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’