ന്യൂഡെൽഹി: എക്‌സിറ്റ് പോൾ പ്രവചനങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് ഹരിയാനയിലെയും ജമ്മു കശ്‌മീരിലെയും യഥാർഥ ഫലങ്ങൾ പുറത്തുവന്നത്. ഹരിയാനയിൽ കോൺഗ്രസിന്റെ പ്രതീക്ഷകളെല്ലാം തകർത്തെറിഞ്ഞ വിധിയായിരുന്നു ഇന്നത്തേത്. ജമ്മു കശ്‌മീരിൽ നാഷണൽ കോൺഫറൻസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി.
സ്വതന്ത്രരെ ഇറക്കി ബിജെപി നടത്തിയ കളിയിൽ പിഡിപിക്ക് അടിതെറ്റിയെങ്കിലും അവിടെ നാഷണൽ കോൺഫറൻസ് (എൻസി)- കോൺഗ്രസ് അധികാരം പിടിച്ചു. രാജ്യം ഉറ്റുനോക്കിയ ജമ്മു കശ്‌മീർ തൂക്കുസഭക്ക് സാധ്യതയോ എന്ന ആകാംക്ഷക്കിടെയാണ് നാഷണൽ കോൺഫറൻസ് സഖ്യം അനായാസേന ജയിച്ചു കയറിയത്. നാഷണൽ കോൺഫറൻസ് നേടിയ തകർപ്പൻ ജയത്തിന്റെ ക്രെഡിറ്റിൽ കോൺഗ്രസിനും ആശ്വസിക്കാം.
കശ്‌മീർ മേഖലയിലെ 47 സീറ്റിൽ ഭൂരിപക്ഷവും നാഷണൽ കോൺഫറൻസ് തൂത്തുവാരി. മൽസരിച്ച 57ൽ 42 സീറ്റുകൾ നേടി നാഷണൽ കോൺഫറൻസ് തരംഗമായി മാറുകയായിരുന്നു. മൽസരിച്ച രണ്ടു സീറ്റിലും ഒമർ അബ്‌ദുല്ല വിജയിച്ചു. ജമ്മു കശ്‌മീരിൽ ഒമർ അബ്‌ദുല്ല മുഖ്യമന്ത്രിയാകും. ഇന്ത്യ സഖ്യത്തിൽ 32 സീറ്റുകൾ കോൺഗ്രസിന് നൽകിയെങ്കിൽ വിജയിക്കാനായത് ആറിടത്ത് മാത്രമാണ്.
വിഘടനവാദികൾക്ക് ഏറെ സ്വാധീനമുള്ള വടക്കൻ കശ്‌മീരിലും നാഷണൽ കോൺഫറൻസാണ് കൂടുതൽ സീറ്റുകൾ നേടിയത്. പത്തുകൊല്ലം മുൻപ് ജമ്മു കശ്‌മീർ ഭരിച്ചിരുന്ന പിഡിപി മൂന്ന് സീറ്റിലേക്ക് ചുരുങ്ങി. മുഫ്‌തി കുടുംബത്തിലെ ഇളമുറക്കാരിയും മെഹബൂബ മുഫ്‌തിയുടെ മകളുമായ ഇൽതിജ മുഫ്‌തിയുടെ പരാജയവും വൻ തിരിച്ചടിയായി. ആരുടേയും സഹായം കൂടാതെ ഇന്ത്യ സഖ്യത്തിന് സർക്കാർ ഉണ്ടാക്കാമെന്ന് വന്നതോടെ ഒമർ അബ്‌ദുല്ലയാകും നേതാവെന്ന് ഫാറൂക്ക് അബ്‌ദുല്ല പ്രഖ്യാപിച്ചു.
ബിജെപി ഒരിക്കൽ കൂടി ജമ്മു മേഖലയിൽ മാത്രം ഒതുങ്ങി. സംസ്‌ഥാന അധ്യക്ഷൻ രവീന്ദർ റെയ്‌നയുടെ തോൽവിയും പാർട്ടിക്ക് ക്ഷീണമായി. അതേസമയം, ഹരിയാന നിയമസഭയിൽ ഹാട്രിക് ലക്ഷ്യമിടുന്ന ബിജെപിയെ കോൺഗ്രസ് പരാജയപ്പെടുത്തുമെന്നായിരുന്നു എല്ലാ എക്‌സിറ്റ് പോളുകളും. 44 മുതൽ 65 സീറ്റുവരെയാണ് കോൺഗ്രസിന് കണക്കാക്കിയത്. ബിജെപിക്ക് 18 മുതൽ 35 സീറ്റുകൾ വരെയും.
എന്നാൽ, ഈ പ്രവചനങ്ങൾ പിഴച്ചു. ബിജെപി മുന്നേറി. ബിജെപിക്ക് 48 സീറ്റ് ലഭിച്ചപ്പോൾ കോൺഗ്രസിന് ലഭിച്ചത് 37 സീറ്റുകൾ മാത്രം. കോൺഗ്രസും നാഷണൽ കോൺഗ്രസും ഉൾപ്പെടുന്ന സഖ്യത്തിനാണ് നേരിയ മുൻതൂക്കം എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. 31 മുതൽ 50 സീറ്റുവരെ. നാഷണൽ കോൺഫറൻസിന് 42 സീറ്റും കോൺഗ്രസിന് ആറ് സീറ്റും ലഭിച്ചു.
20 മുതൽ 32 വരെ സീറ്റുകളാണ് ബിജെപിക്ക് പ്രവചിച്ചത്. 29 സീറ്റുകൾ ലഭിച്ചു. എക്‌സിറ്റ് പോളുകളിൽ നാല് മുതൽ 12 സീറ്റുകളാണ് പിഡിപിക്ക് പ്രവചിച്ചത്. ഒരളവുവരെ ഈ പ്രവചനവും ഫലിച്ചു. പിഡിപിക്ക് ലഭിച്ചത് മൂന്ന് സീറ്റുകൾ. മറ്റുള്ള പാർട്ടികൾ നാല് മുതൽ 18 വരെ സീറ്റുകൾ വരെ നേടുമെന്നായിരുന്നു പ്രവചനം. ലഭിച്ചത് ഏഴ് സീറ്റുകൾ.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!