ന്യൂഡെൽഹി: ഹത്രസ് കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ അസൗകര്യം അറിയിച്ചതിനെ തുടർന്ന് ഇന്ന് നടത്താൻ ഉദ്ദേശിച്ചിരുന്ന ഹത്രസ് യാത്ര ഇടതുപക്ഷ എംപിമാർ മാറ്റിവെച്ചു. എളമരം കരീം, ബിക്കാസ് രഞ്ജൻ ഭട്ടാചാര്യ, ബിനോയ് വിശ്വം, എം.വി ശ്രയാംസ് കുമാർ എന്നിവർ ഉൾപ്പടെ സിപിഎം, സിപിഐ, എൽജെഡി പാർട്ടി എംപിമാരാണ് ഇന്ന് ഹത്രസ് സന്ദർശിക്കാൻ തീരുമാനിച്ചിരുന്നത്.
Also Read: ഇടത് എംപിമാര്‍ ഇന്ന് ഹത്രസ് സന്ദര്‍ശിക്കും
പെൺകുട്ടിയുടെ മാതാപിതാക്കളുടേയും ബന്ധുക്കളുടേയും സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലാ കളക്‌ടറുമായും ജില്ലാ പോലീസ് മേധാവിയുമായും സംസാരിക്കാനും എംപിമാർ തീരുമാനിച്ചിരുന്നു. തുടർന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്, രാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് വസ്‌തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചിരുന്നു.
അതേസമയം, പെൺകുട്ടിയുടെ മരണം ദുരഭിമാനക്കൊലയാണെന്ന ആരോപണത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഹോദരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ച് പ്രതികൾ നൽകിയ കത്തിന്റെ അടിസ്‌ഥാനത്തിൽ കുട്ടിയുടെ സഹോദരനെ വീണ്ടും ചോദ്യം ചെയ്യും.