ബാഴ്‌സലോണ: സ്‌പാനിഷ് ക്ളബ് ബാഴ്‌സലോണയുടെ അർജന്റീനിയൻ സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോ ഫുട്‍ബോളിൽ നിന്ന് വിരമിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് വിരമിക്കൽ. ബുധനാഴ്‌ച നൗ ക്യാംപിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ താരം തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിറകണ്ണുകളോടെയാണ് അഗ്യൂറോ ഈ വിവരം അറിയിച്ചത്.
ബാഴ്‌സലോണ പ്രസിഡണ്ട് ജൊവാൻ ലപോർട്ടയും താരത്തിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണമാണ് അഗ്യൂറോയുടെ വിരമിക്കൽ. ഒക്‌ടോബറിൽ ലാ ലിഗയിൽ അലാവസുമായി നടന്ന മൽസരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട അഗ്യൂറോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ കണ്ടെത്തിയത്.
അലാവാസുമായ മൽസരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ട അഗ്യൂറോ തന്നെ പിൻവലിക്കണമെന്ന് ബാഴ്‌സ ബെഞ്ചിനെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ നെഞ്ചിൽ കൈവെച്ച് ഗ്രൗണ്ടിൽ കിടന്ന താരത്തെ ബാഴ്‌സയുടെ ,മെഡിക്കൽ ടീം പരിശോധിച്ചു. തുടർന്ന് താരത്തിന്റെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ ഗുരുതരമാണെന്ന് കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇത്തവണ മാഞ്ചസ്‌റ്റർ സിറ്റിയിൽ നിന്ന് ബാഴ്‌സയിൽ എത്തിയ അഗ്യൂറോയ്‌ക്ക് ഇതുവരെ അഞ്ച് മൽസരങ്ങൾ മാത്രമാണ് ക്‌ളബ്ബിനായി കളിക്കാനായത്. അതും വെറും 165 മിനിറ്റുകൾ മാത്രമാണ് താരം ഗ്രൗണ്ടിൽ ചെലവഴിച്ചത്. ഒക്‌ടോബർ 17ന് വലൻസിയയ്‌ക്ക് എതിരെയായിരുന്നു ബാഴ്‌സയ്‌ക്ക് വേണ്ടി താരത്തിന്റെ ആദ്യ മൽസരം.
Also Read: ലഖിംപൂർ ഖേരി; ആശിഷ് മിശ്രക്കെതിരെ വധശ്രമ കുറ്റവും ചുമത്തി









































