തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്‌ക്ക് സാധ്യത. അതിതീവ്ര മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 26ന് റെഡ് അലർട്ട് ആയിരിക്കും. 24 മണിക്കൂറിനിടെ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് ആണ്.
ശക്‌തമായ മഴ ലഭിക്കുന്ന മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുകയും സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറി താമസിക്കുകയും വേണം. കാലവർഷം രണ്ടുദിവസത്തിനുള്ളിൽ കേരളത്തിൽ എത്തുമെന്നാണ് വിവരം. അടുത്ത ഒരാഴ്‌ച പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്‌തമാകും.
മധ്യ-കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക-ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം ശക്‌തിപ്പെട്ടു. വടക്കോട്ട് നീങ്ങി 24 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദ്ദമായി ശക്‌തിപ്രാപിക്കും. 27ന് മധ്യ പടിഞ്ഞാറൻ- വടക്കൻ ബംഗാളിൽ ഉൾക്കടലിന് മുകളിലായി മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാനിടയുണ്ട്. 27 വരെ അതിശക്‌തമായ മഴയ്‌ക്കാണ് സാധ്യത.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്‌ഥിതി പഠനകേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്തും ഉയർന്ന തിരയും തുടർന്ന് കടലാക്രമണവും ഉണ്ടായേക്കും. 27 വരെ കേരള തീരത്ത് മൽസ്യബന്ധനത്തിന് വിലക്കുണ്ട്.
തിരുവനന്തപുരത്ത് കനത്ത മഴയിലും കാറ്റിലും വ്യാപകനാശനഷ്‌ടമുണ്ടായി. നഗരങ്ങളിൽ താഴ്‌ന്ന ഇടങ്ങളിൽ പലയിടത്തും വെള്ളക്കെട്ടാണ്. മെഡിക്കൽ കോളേജിന് മുന്നിൽ മരം ഒടിഞ്ഞു വീണ് കൊല്ലം സ്വദേശിക്ക് പരിക്കേറ്റു. 12 വീടുകൾ പൂർണമായും മുപ്പതിലേറെ വീടുകൾ ഭാഗികമായും തകർന്നു. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിൽ നൂറിലധികം സ്‌ഥലങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.
പെരുമ്പഴതൂരിൽ കുട്ടപ്പൻ എന്നയാളിന്റെ വീട്ടിലേക്ക് രണ്ടു മരങ്ങൾ ഒടിഞ്ഞുവീണു. കുട്ടികൾ ഉൾപ്പടെ കുടുംബാംഗങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചെമ്പഴന്തി, പാച്ചല്ലൂർ, ചാവടിനട, വെങ്ങാനൂർ, പനത്തുറ, കമലേശ്വരം എന്നിവിടങ്ങളിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് ജില്ലയിൽ മഴ ശക്‌തമായി തുടരുന്നസാഹചര്യത്തിൽ ക്വാറികളുടെ പ്രവർത്തനത്തിനും മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണം എന്നിവയ്‌ക്കും താൽക്കാലിക നിരോധനം ഏർപ്പെടുത്തി കലക്‌ടർ ഉത്തരവിട്ടു.
ജില്ലയിലെ നദീതീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടം ഉൾപ്പടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും താൽക്കാലികമായി വിലക്കി. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെ അടിയന്തിര യാത്രകൾ അല്ലാത്തവ ഒഴിവാക്കണമെന്നും കലക്‌ടർ അറിയിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ തുടങ്ങി. സഹായത്തിന് വിളിക്കാം: 1077, 1070.
Most Read| പായ്‌വഞ്ചിയിൽ 40,000 കിലോമീറ്റർ, സമുദ്ര പരിക്രമണം പൂർത്തിയാക്കി ദിൽനയും രൂപയും