കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മധ്യകേരളത്തിലാണ് കനത്ത മഴ പെയ്യുന്നത്. മഴക്കൊപ്പം മിക്കയിടങ്ങളിലും ശക്തമായ കാറ്റും വീശുന്നുണ്ട്. കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാളെ വയനാട്, കണ്ണൂർ ജില്ലകളിലും കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും വരും മണിക്കൂറുകളിൽ മഴ കനക്കും. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ് റോഡിലൂടെയുള്ള യാത്ര പൂർണമായും നിരോധിച്ചു.
മൂന്നാറിൽ മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മഴ ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. നീരൊഴുക്ക് വർധിച്ചു. ഇപ്പോൾ സംഭരണശേഷിയുടെ 29.80 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. ഇടുക്കിയുടെ മലയോര മേഖലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. പെരിയാറിലെ ജലനിരപ്പ് ഉയർന്നു.
കല്ലാർകുട്ടി ഡാമും രാവിലെ തുറന്നിട്ടുണ്ട്. മലങ്കര ഡാമിലെ മൂന്ന് ഷട്ടറുകൾ ഒരു മീറ്റർ വീതം ഉയർത്തി. മണിമല- പത്തനാട് റോഡിൽ കടയനിക്കാട് ക്ഷേത്രത്തിന് സമീപം മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. രാജാക്കാട്-മൈലാടുംപാറ റൂട്ടിൽ തിങ്കൾക്കാട് കോളനിക്ക് സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും യാത്രക്കാരും ചേർന്ന് മരം വെട്ടിമാറ്റാനുള്ള ശ്രമം തുടങ്ങി.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ