തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ തുടരുന്നു. മഴയെ തുടർന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് തിങ്കളാഴ്‌ച അവധി പ്രഖ്യാപിച്ചു. സ്‌കൂളുകളിൽ സ്‌പെഷ്യൽ ക്ളാസുകൾ വയ്‌ക്കരുതെന്നും അതത് ജില്ലകളിലെ കലക്‌ടർമാർ ഉത്തരവിട്ടു.
കണ്ണൂർ സർവകലാശാല തിങ്കളാഴ്‌ച നടത്താൻ നിശ്‌ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വടക്കൻ കേരളത്തിൽ ശക്‌തമായ മഴ തുടരുകയാണ്. എട്ട് തീരദേശ ജില്ലകളിലും ഇന്ന് ജാഗ്രതാ നിർദ്ദേശമുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.
അതിനിടെ, താമരശ്ശേരി കോടഞ്ചേരിയിൽ സഹോദരങ്ങളായ രണ്ടു കുട്ടികൾ ഷോക്കേറ്റ് മരിച്ചു. കുന്നേൽ ബിജു ചന്ദ്രന്റെ മക്കളായ നിധിൻ ബിജു (13), ഐവിൻ ബിജു (11) എന്നിവരാണ് മരിച്ചത്. തോട്ടിൽ നിന്ന് മീൻ പിടിക്കുന്നതിനിടെ ശക്‌തമായ കാറ്റിൽ വലിയ മരം ഇലക്‌ട്രിക് പോസ്‌റ്റിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. തുടർന്ന് വൈദ്യുതിലൈൻ പൊട്ടി തോട്ടിലേക്ക് വീഴുകയും കുട്ടികൾക്ക് ഷോക്കേൽക്കുകയും ആയിരുന്നുവെന്നാണ് വിവരം.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’