കോഴിക്കോട്: ജില്ലയിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശമായ വിലങ്ങാട് ശക്‌തമായ മഴ. പുഴയിൽ മഴവെള്ളപ്പാച്ചിൽ ശക്‌തമായതിനെ തുടർന്ന് ടൗണിലെ പാലം മുങ്ങി. പുഴയ്‌ക്ക് സമീപമുള്ള കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
രാത്രി പെയ്‌ത മഴയിലാണ് ടൗണിൽ വെള്ളം കയറിയത്. പാലത്തിനടിയിൽ കല്ലുകൾ കുടുങ്ങി ഒഴുക്ക് തടസപ്പെട്ടതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. പുലർച്ചെ മൂന്നുമണിവരെ ശക്‌തമായ മഴയായിരുന്നു. മഴയുടെ ശക്‌തി കുറഞ്ഞപ്പോഴാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്. 20 കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്.
നേരത്തെ ഉരുൾപൊട്ടലുണ്ടായപ്പോൾ ക്യാമ്പുകളിലേക്ക് മാറിയവരും കൂട്ടത്തിലുണ്ട്. ആളുകൾ സുരക്ഷിതരാണെന്ന് പഞ്ചായത്ത് അംഗം സെൽമ വട്ടക്കുന്നേൽ അറിയിച്ചു. പുഴയിൽ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. പാലത്തിന്റെ ബലം പരിശോധിച്ച ശേഷമേ വാഹനങ്ങൾ കടത്തിവിടൂ. നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടില്ലെന്നും പഞ്ചായത്ത് അംഗം പറഞ്ഞു.
കഴിഞ്ഞ ജൂലൈ 29ന് രാത്രിയാണ് വിലങ്ങാട് ഉരുൾപൊട്ടിയത്. ഒഴുകിപ്പോയ കുമ്പളച്ചോല ഗവ. എൽപി സ്‌കൂൾ റിട്ട. ഹെഡ്‌മാസ്‌റ്റർ കുളത്തിങ്കൽ കെഎ മാത്യുവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തി. 14 വീടുകൾ പൂർണമായി ഒഴുകിപ്പോയി. 112 വീടുകൾ വാസയോഗ്യമല്ലാതായി. നാല് കടകളും നശിച്ചു.
Most Read| വികസിത സമൃദ്ധമാക്കുക ലക്ഷ്യം; ലഡാക്കിന് പുതിയ അഞ്ച് ജില്ലകൾ കൂടി രൂപീകരിച്ചു