പാലക്കാട് : മഴ ശക്തമായതോടെ വാളയാര്‍ ഡാം വീണ്ടും തുറന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതാണ് ഈ സീസണില്‍ രണ്ടാമതും ഡാം തുറക്കാന്‍ കാരണം. ഡാമിന്റെ വൃഷ്‌ടിപ്രദേശത്തും വാളയാര്‍ മലനിരകളിലും കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിലായി പെയ്‌തത്. ഇപ്പോഴും മഴ ശക്തമായി തന്നെ തുടരുകയാണ്. ഇതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ഇതിനെത്തുടര്‍ന്നാണ് ഡാം വീണ്ടും തുറക്കാന്‍ തീരുമാനിച്ചത്.
ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഒരു സെന്റീമീറ്റര്‍ വീതമാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. മഴ ശക്തമായി തന്നെ തുടര്‍ന്നാല്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തേണ്ടി വരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഡാമിന്റെ ഷട്ടറുകള്‍ ഇനിയും ഉയര്‍ത്താന്‍ സാധ്യത ഉള്ളതിനാല്‍ കോരയാര്‍ പുഴയോരത്തുള്ള ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാളയാര്‍ ഡാമിന്റെ പരമാവധി സംഭരണശേഷി 203 മീറ്ററാണ്. മഴ ശക്തമായതോടെ ഇപ്പോഴത്തെ ജലനിരപ്പ് 201.96 മീറ്ററായി ഉയര്‍ന്നു. ഡാമില്‍ നിന്നും തുറന്നു വിടുന്ന ജലം കോരയാര്‍ വഴി കല്‍പ്പാത്തിയിലേക്കും പിന്നീട് ഭാരതപ്പുഴയിലേക്കുമാണ് എത്തുന്നത്. ഷട്ടറുകള്‍ തുറന്നതോടെ കോരയാറിന്റെ പരിസരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 13 നാണ് ഡാമിന്റെ ഷട്ടറുകള്‍ ഈ സീസണില്‍ ആദ്യം തുറന്നത്. അന്നും മൂന്ന് ഷട്ടറുകളും തുറന്നിരുന്നു. പിന്നീട് ഷട്ടറുകള്‍ അടച്ചെങ്കിലും മഴ ശക്തമായതോടെയാണ് വീണ്ടും തുറക്കാന്‍ തീരുമാനിച്ചത്.
Read also : കോവിഡ്; പോസിറ്റിവിറ്റി നിരക്കില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുകളില്‍