തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്‌ടർ ഷീബ ജോർജ് ഉത്തരവിറക്കി. ഇന്ന് രാത്രി ഏഴ് മുതൽ നാളെ രാവിലെ ആറുവരെയാണ് നിരോധനം. മണ്ണിടിച്ചിൽ ഭീഷണി ശക്‌തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കളക്‌ടർ അറിയിച്ചു.
ഇടുക്കി മൂന്നാറിൽ എജി കോളനിയിലെ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് സ്‌ത്രീ മരിച്ചു. മാല കുമാർ (38) ആണ് മരിച്ചത്. ദേവികുളം എസ്‌സി ഓഫീസിലെ ക്ളർക്കായ കുമാറിന്റെ ഭാര്യയാണ്. കോളനിയിലെ മൂന്ന് വീടുകൾ അപകടാവസ്‌ഥയിലാണ്. അതിനിടെ, മൂന്നാർ ഹെഡ് വർക്‌സ് ഡാമിൽ ഒരു ഷട്ടർ പത്ത് സെന്റീമീറ്റർ ഉയർത്തി. മുതിരപ്പുഴയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്‌ടർ അറിയിച്ചു.
എറണാകുളം ജില്ലയിലും മലയോര മേഖലകളിൽ രാത്രിയാത്ര ഒഴിവാക്കണമെന്ന് കളക്‌ടർ എൻഎസ്‌കെ ഉമേഷ് അറിയിച്ചു. ഇന്ന് രാത്രി ഏഴ് മുതൽ നാളെ രാവിലെ ആറുവരെയാണ് നിരോധനം. മണ്ണിടിച്ചിൽ ഭീഷണി ശക്‌തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും കളക്‌ടർ അറിയിച്ചു. കൊച്ചി വടുതല റെയിൽവേ ഗേറ്റിന് സമീപം കാറിലേക്ക് മരം വീണു. യാത്രക്കാർക്ക് പരിക്കില്ല.
റെയിൽവേ ഗേറ്റിൽ നിർത്തിയിട്ട കാറിലേക്കാണ് മരം വീണത്. ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. അതിരപ്പിള്ളി തുമ്പൂർമുഴിയിൽ മുളംകൂട്ടം റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. മുളംകൂട്ടം മുറിച്ചുമാറ്റാൻ ശ്രമം തുടരുകയാണ്. കാറ്റിലും മഴയിലും കൊല്ലം എസ്എൻ കോളേജ് ജങ്ഷനിൽ മരം ഒടിഞ്ഞു വീണ് ഒരാൾക്ക് പരിക്കേറ്റു. ലോട്ടറി വിൽപ്പനക്കാരനായ രാജുവിനാണ് പരിക്കേറ്റത്. രാജുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ആരോഗ്യ ഉപകേന്ദ്രത്തിന്റെ മേൽക്കൂര തകർന്ന് വീണു. കെട്ടിടം ഏറെ നാളായി അപകടാവസ്‌ഥയിൽ ആയിരുന്നു. അതേസമയം, സംസ്‌ഥാനത്ത് കനത്ത മഴ തുടരുകയാണ്. തീവ്രമഴ കണക്കിലെടുത്ത് ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്. അടുത്ത രണ്ടു ദിവസം കൂടി സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ തീവ്രമഴക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ടാണ്.
Most Read| പ്രായം വെറുമൊരു നമ്പർ മാത്രം; സൗന്ദര്യ മൽസരത്തിൽ തിളങ്ങി 71-കാരി