തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഇന്നും നാളെയും മൂന്ന് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്. പത്തനംതിട്ടയിൽ ബുധനാഴ്‌ചയും റെഡ് അലർട് ആണ്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ടാണ്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും തുടരും.
അതിനിടെ, അതിതീവ്ര മഴ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട- വാഗമൺ റോഡിലൂടെയും ഇന്നും നാളെയും രാത്രിയാത്ര നിരോധിച്ചു കളക്‌ടർ ഉത്തരവിറക്കി. ഈ മേഖലയിൽ രാത്രികാലങ്ങളിൽ അടിയന്തിര സാഹചര്യത്തിൽ സഞ്ചരിക്കേണ്ടി വരുന്നവർ പോലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കുകയും മുൻകൂർ അനുമതി തേടുകയും ചെയ്യണമെന്നും കളക്‌ടർ ഉത്തരവിൽ പറയുന്നു.
അതേസമയം, സംസ്‌ഥാനത്ത് മിക്ക ജില്ലകളിലും കനത്ത മഴ പെയ്യുകയാണ്. രാവിലെ മുതൽ തുടങ്ങിയ മഴക്ക് മിക്കയിടങ്ങളിലും ശമനമില്ല. കൊച്ചി ഉൾപ്പടെയുള്ള നഗരങ്ങളിൽ വെള്ളക്കെട്ടും ഗതാഗത തടസവുമുണ്ടായി. ശക്‌തമായ മഴ കാരണം തിരുവനന്തപുരത്ത് മലയോര മേഖലയിലേക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊൻമുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്രയും നിരോധിച്ചു.
Most Read| പൊതുസ്‌ഥലത്തെ യുഎസ്ബി ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പ്