തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയങ്ങളില്‍ പഠനം ആരംഭിക്കാനുള്ള നടപടികള്‍ പരിഗണിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. ഉയര്‍ന്ന ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്കും, ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും ആയിരിക്കും ഇത്തരത്തില്‍ ക്ളാസുകള്‍ തുടങ്ങുന്നത്.
രോഗവ്യാപനം ഉണ്ടാകുന്നതില്‍ നിലവില്‍ സംസ്‌ഥാനത്ത് കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇത് തുടര്‍ന്നാല്‍ മാത്രമേ ഇത്തരത്തില്‍ ക്ളാസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂ. ഇതിനായി വിദഗ്‌ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. അതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം എടുക്കുക. ഉടനടി ക്‌ളാസുകള്‍ തുറക്കുന്ന കാര്യത്തെ കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകില്ല. സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യം ഉണ്ടായാല്‍ കര്‍ശനമായ പരിശോധനകള്‍ നടത്തിയ ശേഷം, എല്ലാവിധ മുന്‍കരുതലുകളോടെയും ആയിരിക്കും ക്‌ളാസുകള്‍ പ്രവര്‍ത്തിക്കുക.
എന്നാല്‍ സംസ്‌ഥാനത്തെ കോവിഡ് സ്‌ഥിതി കണക്കിലെടുത്ത് ചെറിയ ക്ളാസുകളിലെ കുട്ടികള്‍ക്ക് ഈ അധ്യയന വർഷം വിദ്യാലയങ്ങളില്‍ വച്ച് ക്‌ളാസുകള്‍ നടത്തുന്നത് പ്രായോഗികമല്ല. അതിനാല്‍ ചെറിയ ക്‌ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഉടനെ സ്‌കൂളുകളില്‍ ക്‌ളാസ് തുടങ്ങാനുള്ള നടപടി സ്വീകരിക്കില്ല.
Read also : സംസ്‌ഥാനത്ത് ഹോട്ടലുകളിലും വഴിയോര ഭക്ഷണശാലകളിലും ജാഗ്രത പാലിക്കണം; മുഖ്യമന്ത്രി