കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ ട്രയൽ റണ്ണിന് തുടക്കമായി. കൊച്ചി കപ്പൽ നിർമാണ ശാലയിൽ നിർമാണം പൂർത്തിയാക്കിയ കപ്പൽ രാവിലെ 11 മണിയോടെയാണ് അറബിക്കടലിലേക്ക് ഇറക്കിയത്. ആറ് നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിച്ച് പരീക്ഷണം നടത്താനാണ് തീരുമാനം.
കൊച്ചിയുടെ പുറംകടലിലാണ് ഐഎൻഎസ് വിക്രാന്ത് ഇപ്പോഴുള്ളത്. ചരിത്രദിനമെന്നാണ് ഇന്ത്യൻ നാവിക സേന ഈ ദിവസത്തെ വിശേഷിപ്പിച്ചത്. ഐഎൻഎസ് വിക്രാന്ത് അടുത്ത വർഷം കമ്മീഷൻ ചെയ്യാനിരിക്കെയാണ് പരീക്ഷണങ്ങളുടെ അവസാനഘട്ടം പുരോഗമിക്കുന്നത്. കപ്പലിലെ നിലവിലെ പരിശോധനകൾ വരും ദിവസങ്ങളിലും തുടരും. നാവിഗേഷൻ, കമ്യൂണിക്കേഷൻ, ഹള്ളിലെ യന്ത്രസാമഗ്രികൾ എന്നിവയുടെ പരിശോധനയും നടക്കും.
കഴിഞ്ഞ ജൂണിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കപ്പൽ പരിശോധിച്ചിരുന്നു. കപ്പലിന്റെ അവലോകനം തൃപ്തികരമായിരുന്നു എന്നാണ് മന്ത്രി പ്രതികരിച്ചത്. ആത്മനിർഭർ ഭാരതിന്റെ തിളക്കമാർന്ന നേട്ടമായാണ് കപ്പലിനെ വിലയിരുത്തുന്നത്.
കപ്പലിന്റെ രൂപമാതൃക മുതൽ നിർമാണത്തിന്റെ 75 ശതമാനവും ഇന്ത്യയാണ് നടത്തിയത്. രാജ്യത്ത് നിർമിച്ചിട്ടുള്ള ഏറ്റവും വലിയ കപ്പൽ എന്ന വിശേഷണവും വിക്രാന്തിന് സ്വന്തമാണ്. വേഗത്തിൽ നീങ്ങാനും കടലിലെ ഏത് സാഹചര്യത്തെയും മുന്നിൽ കണ്ട് മുന്നേറാനുമുള്ള കരുത്ത് ഈ വിമാനവാഹിനി കപ്പലിനുണ്ട്. ഇന്ത്യൻ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈനാണ് രൂപകൽപന ചെയ്തത്.
ഒരേസമയം ഹെലികോപ്റ്ററുകളെയും ഫൈറ്റർ വിമാനങ്ങളെയും വഹിക്കാൻ കഴിയുന്ന വിക്രാന്തിന് മണിക്കൂറിൽ പരമാവധി 28 നോട്ടിക്കൽ മൈൽ വരെ വേഗത കൈവരിക്കാനാകും.18 മൈൽ ക്രൂയിസിങ് വേഗവും 7,500 മൈൽ ദൂരം പോകാനുള്ള ശേഷിയും കപ്പലിനുണ്ട്.
രണ്ട് ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പം കപ്പലിന്റെ ഫ്ളൈറ്റ് ഡക് ഏരിയക്ക് ഉണ്ടെന്ന് ഷിപ് യാർഡ് അറിയിച്ചു. 262 മീറ്ററാണ് കപ്പലിന്റെ നീളം. ഓഫിസർമാർ അടക്കം 1,700 പേരെ ഉൾക്കൊള്ളാനാകും. ഷിപ് യാർഡിന്റെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാകും ആയുധങ്ങൾ സ്ഥാപിക്കുന്നത് അടക്കമുള്ള നടപടികളിലേക്കും പരിശോധനകളിലേക്കും നാവികസേന കടക്കുക.
Also Read: വിവാഹ വാഗ്ദാനം നൽകിയുള്ള പീഡനം; പ്രത്യേക നിയമം വേണമെന്ന് അലഹബാദ് ഹൈക്കോടതി








































