ന്യൂഡെൽഹി: സോമാലിയൻ കിഴക്കൻ തീരത്ത് കടൽക്കൊള്ളക്കാർ തട്ടിയെടുത്ത 19 പാക് ജീവനക്കാർ ഉൾപ്പെടുന്ന മറ്റൊരു ഇറാനിയൻ കപ്പൽ മോചിപ്പിച്ചു ഇന്ത്യൻ നാവികസേന. കപ്പലിൽ ഉണ്ടായിരുന്ന പാകിസ്‌ഥാൻകാരായ 19 ജീവനക്കാരെയും രക്ഷപ്പെടുത്തി. ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സുമിത്രയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കടൽക്കൊള്ളക്കാരെ നാവികസേന കസ്‌റ്റഡിയിൽ എടുത്തു.
ഇറാനിയൻ പതാകയുള്ള മൽസ്യബന്ധന കപ്പലായ എഫ്‍വി അൽ നയീമിയാണ് സോമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. സായുധരായ 11 കടൽക്കൊള്ളക്കാരാണ് യാത്രാമധ്യേ കപ്പൽ തട്ടിയെടുത്തത്. കപ്പലിൽ ഉണ്ടായിരുന്ന പാകിസ്‌ഥാൻകാരായ 19 ജീവനക്കാരെ ബന്ദികളാക്കുകയും ചെയ്‌തു. തട്ടിയെടുത്ത കപ്പൽ തടഞ്ഞ ഇന്ത്യൻ നാവികസേന, കടൽക്കൊള്ളക്കാരെ തുരത്തി കപ്പൽ മോചിപ്പിച്ചു. തുടർന്ന് ബന്ദികൾ ആരോഗ്യവാൻമാരാണെന്ന് ഉറപ്പു വരുത്തുകയും ചെയ്‌തു.
36 മണിക്കൂറിനുള്ളിൽ യുദ്ധക്കപ്പൽ ഐഎൻഎസ് സുമിത്ര നടത്തുന്ന രണ്ടാമത്തെ ദൗത്യമാണ് ഇതെന്ന് നാവികസേന അറിയിച്ചു. ഇതിനു മുൻപ് ഇറാനിയൻ മൽസ്യബന്ധന കപ്പലായ ഇമാനും ഇന്ത്യൻ നാവികസേന മോചിപ്പിച്ചിരുന്നു. ഈ കപ്പലിൽ 17 ജീവനക്കാരാണ് ഉണ്ടായിരുന്നത്. കൊച്ചി തീരത്ത് നിന്ന് ഏകദേശം 1200 കിലോമീറ്റർ അകലെ വെച്ചാണ് കപ്പൽ തട്ടിയെടുത്തത്. കടൽക്കൊള്ളക്കാർ കപ്പലിനുള്ളിൽ കടന്ന് ജീവനക്കാരെ ബന്ദികളാക്കിയിരുന്നു. അപായസന്ദേശം ലഭിച്ചതിന് പിന്നാലെ ഐഎൻഎസ് സുമിത്ര ജീവനക്കാരെ മോചിപ്പിക്കുക ആയിരുന്നു.
ഇതിനിടെ, കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ആറ് ശ്രീലങ്കൻ മൽസ്യത്തൊഴിലാളികളെയും ഇന്ത്യയുടെ പിന്തുണയോടെ മോചിപ്പിച്ചു. ചെങ്കടൽ വഴിയുള്ള ചരക്കുഗതാഗതത്തിന് സഹായം നൽകാനുള്ള യുഎസ് തീരുമാനത്തിന് ശ്രീലങ്ക പിന്തുണ പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് ശ്രീലങ്കക്ക് എതിരായ നീക്കമുണ്ടായതെന്നാണ് സൂചന.
Most Read| പിസി ജോർജ് ബിജെപിയിലേക്ക്? ഡെൽഹിയിൽ കേന്ദ്ര നേതൃത്വവുമായി ഇന്ന് ചർച്ച