വാഷിങ്ടൻ: ചെങ്കടിലിൽ കപ്പലുകൾക്ക് എതിരായ ആക്രമണങ്ങളിൽ തിരിച്ചടിയുമായി യുഎസും ബ്രിട്ടനും. യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ഇരു രാജ്യങ്ങളും ആക്രമണം അഴിച്ചുവിട്ടു. ചെങ്കടലിൽ രാജ്യാന്തര കപ്പലുകളെ ലക്ഷ്യമിട്ടു ഹൂതികൾ ഒരു വർഷത്തോളമായി നടത്തുന്ന ആക്രമണങ്ങൾക്ക് ആദ്യമായാണ് തിരിച്ചടി നൽകുന്നത്. ഒരു വർഷത്തിനിടെ 27 കപ്പലുകൾക്ക് എതിരെയാണ് ഹൂതികൾ ആക്രമണം നടത്തിയത്.
തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന ട്രക്ക് കാരിയറും ഹൂതികൾ പിടിച്ചെടുത്തിരുന്നു. ചെങ്കടലിൽ കപ്പലുകൾക്കെതിരെ നടത്തിയ ആക്രമണത്തിന് പ്രത്യാക്രമണമെന്ന നിലയിൽ യുകെ, ഓസ്ട്രേലിയ, ബഹ്റൈൻ, കാനഡ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ യുഎസും ബ്രിട്ടനും വ്യോമാക്രമണം നടത്തിയതായി യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ സ്‌ഥിരീകരിച്ചിട്ടുണ്ട്.
ലോകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതയിൽ കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്താനുള്ള ഹൂതികളുടെ പരിശ്രമത്തിനെതിരേയാണ് ആക്രമണമെന്നും, ആവശ്യം വന്നാൽ മറ്റു സൈനിക നടപടികളിലേക്ക് കടക്കുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് വ്യോമാക്രമണം നടത്തിയത്.
യെമനിലെ ഭൂരിഭാഗം നിയന്ത്രിക്കുന്ന ഹൂതികൾ, ഹമാസിന് നൽകുന്ന പിന്തുണയുടെ ഭാഗമായാണ് ചെങ്കടലിൽ ചരക്കുകപ്പലുകളെ ലക്ഷ്യംവെച്ചു ആക്രമണങ്ങൾ നടത്തിയത്. 2016ന് ശേഷം യെമനിലെ ഹൂതികൾക്കെതിരെ യുഎസ് നടത്തുന്ന ആദ്യ ആക്രമണമാണിത്. ആക്രമണം നടത്തിയാൽ യുഎസിന് തക്കതായ മറുപടി നൽകുമെന്ന് ഹൂതി നേതാവ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
ഹൂതികളുടെ അക്രമണത്തിനെതിരെ കഴിഞ്ഞയാഴ്‌ച യുഎസ് അന്ത്യശാസന നൽകിയിരുന്നു. ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് യുഎസ്, ബ്രിട്ടൻ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉൾപ്പടെ 12 രാജ്യങ്ങൾ സംയുക്‌തമായി ഹൂതികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഒരു ദിവസം പിന്നിട്ടപ്പോൾ വീണ്ടും ആക്രമണം ഉണ്ടായതാണ് യുഎസിനെ പ്രകോപിപ്പിച്ചത്. നവംബർ 19 മുതൽ മിസൈലുകളും ഡ്രോണും ഉപയോഗിച്ച് ചരക്ക് കപ്പലുകളെ ഉൾപ്പടെ ഹൂതികൾ ആക്രമിക്കുകയാണ്.
ഗാസയിൽ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ചു ഇസ്രയേലിനെതിരായ നീക്കത്തിന്റെ ഭാഗമായാണ് കപ്പലുകൾ പിടിച്ചെടുക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും, ഹൂതികൾ പിടിച്ചെടുത്ത കപ്പലുകളിൽ ഇസ്രയേൽ ബന്ധമില്ലാത്തവയാണ് കൂടുതലും. അതേസമയം, ചരക്കുകപ്പലുകൾ സംരക്ഷിക്കാനുള്ള നടപടികൾക്ക് പിന്തുണയറിയിച്ചു വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തി.
Most Read| റിപ്പബ്ളിക് പരേഡ്; ഡെൽഹി പോലീസ് സംഘത്തിൽ വനിതകൾ മാത്രം- നയിക്കാൻ മലയാളി