ന്യൂഡെൽഹി: ഇന്ത്യയിലെ ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) ബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. എച്ച്എംപി വൈറസിനെ കുറിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ ഭീതി പടർത്തുന്ന സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രതികരണം.
”എച്ച്എംപിവി ഒരു പുതിയ വൈറസല്ലെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. 2001ലാണ് ഈ വൈറസ് ആദ്യമായി റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ളത്. അന്ന് മുതൽ ഇത് ലോകത്തെ പല രാജ്യങ്ങളിലും റിപ്പോർട് ചെയ്തിട്ടുണ്ട്. ശൈത്യകാലത്തും വസന്തത്തിന്റെ തുടക്കത്തിലുമാണ് രോഗം പ്രധാനമായും കണ്ടുവരുന്നത്.
ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും ചൈനയിലെ വൈറസ് ബാധയുടെയും മറ്റ് അയൽ രാജ്യങ്ങളിലെയും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇതേക്കുറിച്ച് ലോകാരോഗ്യ സംഘടന ഉടൻ തന്നെ റിപ്പോർട് പുറത്തിറക്കും”- വീഡിയോ സന്ദേശത്തിൽ നദ്ദ പറഞ്ഞു.
അതേസമയം, തമിഴ്നാട്ടിലും എച്ച്എംപിവി സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടു കുട്ടികൾ ചികിൽസയിലാണ്. കുട്ടികൾ സുഖംപ്രാപിച്ച് വരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. കൊൽക്കത്തയിലും അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ബെംഗളൂരുവിൽ മൂന്ന് കുട്ടികൾക്കും നേരത്തെ രോഗം കണ്ടെത്തിയിരുന്നു. ഇതോടെ ഇന്ത്യയിൽ രോഗം ബാധിച്ചവരുടെ എണ്ണം ആറായി.
അതേസമയം, ഇന്ത്യയിൽ എച്ച്എംപിവി റിപ്പോർട് ചെയ്തിട്ടുണ്ടെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജും പറഞ്ഞു. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എച്ച്എംപിവി ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുള്ള പ്രായമായവർ, കുഞ്ഞുങ്ങൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, കിടപ്പ് രോഗികൾ, ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുള്ളവർ എന്നിവർ ശ്രദ്ധിക്കേണ്ടതാണ്.
ഇൻഫ്ളുവൻസ പോലെ തന്നെ എച്ച്എംപിവി വരാതിരിക്കാൻ മാസ്ക് ധരിക്കുന്നതാണ് അഭികാമ്യം. കൂടാതെ, ശ്വാസകോശ അണുബാധയുള്ള ആളുകളിൽ നിന്നും അകലം പാലിക്കുകയും വേണം. രോഗങ്ങളുള്ള സമയത്ത് കുട്ടികളെ സ്കൂളിൽ വിടരുത്. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ചികിൽസ തേടണമെന്നും മന്ത്രി അഭ്യർഥിച്ചു.
Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക