കോഴിക്കോട്: ക്യാൻസർ ചികിൽസാ സഹായമായി നാട്ടുകാരിൽ നിന്നും സാമൂഹിക മാദ്ധ്യമങ്ങൾ വഴിയും ലഭിച്ച പണം ഭർത്താവ് ദുരൂപയോഗം ചെയ്‌തെന്ന പരാതിയുമായി യുവതി. കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ബിജ്‌മയാണ് ഭർത്താവ് ധനേഷിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. ചികിൽസയ്‌ക്കായി പിരിച്ചു കിട്ടിയ 30 ലക്ഷം രൂപ ഭർത്താവ് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായാണ് പരാതി.
ഇത് ചോദ്യം ചെയ്‌തതോടെ ഭർത്താവ് നിരന്തരം മർദ്ദിക്കുന്നതടക്കമുള്ള പരാതികൾ ഉന്നയിച്ചാണ് യുവതി വെള്ളയിൽ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. 2019 മാർച്ചിൽ ഒരു വയറു വേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബിജ്‌മയ്‌ക്ക് വൃക്കയ്‌ക്ക് സമീപമുള്ള എല്ലിൽ ക്യാൻസർ ആണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നിർധനരായ കുടുംബം ചികിൽസാ സഹായം അഭ്യർഥിച്ച് ഫേസ്‌ബുക്കിൽ പോസ്‌റ്റിടുകയായിരുന്നു. ധനേഷാണ് ഫേസ്ബുക്കിൽ പോസ്‌റ്റിട്ടത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആയിരുന്നു നൽകിയിരുന്നത്. പിന്നീട് നിരവധിയാളുകൾ പോസ്‌റ്റ് ഷെയർ ചെയ്‌തതോടെ വലിയ തുക സഹായമായ ലഭിച്ചിരുന്നു.
എന്നാൽ, ബിജ്‌മയ്‌ക്ക് റേഡിയേഷനും കീമോതെറാപ്പിയും പുരോഗമിക്കവേ ധനേഷ് പണം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ തുടങ്ങി. ഇതിനെ ചോദ്യം ചെയ്‌തതോടെ ധനേഷ് ക്രൂരമായി ഉപദ്രവിച്ചെന്നും, ചികിൽസാ സഹായമായി ലഭിച്ച പണം കൊണ്ട് ധനേഷ് അമ്മയുടെ പേരിൽ പുതിയ വീട് വാങ്ങിയതായും ബിജ്‌വ ആരോപണം ഉന്നയിക്കുന്നു. ഗാർഹിക പീഡനവും പണം തട്ടിയെടുത്തതും കാണിച്ചാണ് യുവതി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടർ ചികിൽസയ്‌ക്കായി പണം കണ്ടെത്താനാവാതെ ദുരിതത്തിലാണ് ബിജ്‌മയിപ്പോൾ.
Most Read: പെൺകുട്ടി കുളിക്കുന്നത് ഫോണിൽ പകർത്തി, ഒന്നര വർഷമായി പീഡനം; യുവാവ് പിടിയിൽ






































