തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതിനാൽ ഇടമലയാർ അണക്കെട്ട് തുറന്നു. മുൻ നിശ്ചയിച്ച പ്രകാരം അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. 50 സെന്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. ഈ സാഹചര്യത്തിൽ അണക്കെട്ടിന്റെ പരിസരങ്ങളിൽ താമസിക്കുന്ന ആളുകൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ന് രാവിലെയോടെ രണ്ട് സൈറൺ മുഴക്കിയ ശേഷമാണ് അണക്കെട്ട് തുറന്നത്. തുടർന്ന് അധികൃതർ നിലവിലെ സാഹചര്യം വിലയിരുത്തുന്നുണ്ട്. വെള്ളം പുഴയിലേക്ക് എത്തുന്നതോടെ പുഴയുടെ സ്ഥിതി നോക്കിയ ശേഷം കൂടുതൽ വെള്ളം തുറന്നു വിടുന്ന കാര്യത്തിൽ അധികൃതർ തീരുമാനമെടുക്കും.
80 സെന്റീമീറ്റർ വരെ ഷട്ടറുകൾ ഉയർത്തി വെള്ളം തുറന്നു വിടാനാണ് അധികൃതരുടെ തീരുമാനം. എന്നാൽ നിലവിൽ കൂടുതൽ ജലം തുറന്നു വിടേണ്ട ആവശ്യകത ഇല്ലെന്നും, അണക്കെട്ട് അപകടകരമായ നിലയിലല്ല ഉള്ളതെന്നും എക്സിക്യൂട്ടീവ് എഞ്ചിനിയർ പിഎൻ ബിജു വ്യക്തമാക്കി.
Read also: പമ്പ ഡാം തുറന്നു; മറ്റന്നാള്‍ വരെ ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല







































