തിരുവനന്തപുരം: രാജ്യത്ത് ഇന്നും ഇന്ധനവിലയിൽ വർധന ഉണ്ടായതോടെ കേരളത്തിൽ പെട്രോൾ വില 110ഉം കടന്നു കുതിക്കുന്നു. പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് ഇന്ന് രാജ്യത്ത് വർധിച്ചത്. ഇതോടെ കേരളത്തിലെ പാറശാലയിൽ പെട്രോൾ വില 110.10 രൂപയിൽ എത്തി. കൂടാതെ ഡീസൽ വില 103.77 ആയി ഉയരുകയും ചെയ്‌തു.
രാജ്യത്ത് ഇതിനോടകം തന്നെ മുംബൈ ഉൾപ്പടെയുള്ള നഗരങ്ങളിൽ പെട്രോൾ വില 110 കടന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ കേരളത്തിലും പെട്രോൾ വില 110 കടന്നത്. നിലവിൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 2018ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ തുടരുകയാണ്. 84.97 ഡോളറാണ് നിലവിൽ ഒരു ബാരൽ ക്രൂഡ് ഓയിലിന് വില.
ഇന്ധന ഉപഭോഗം കൂടിയതിനനുസരിച്ച് ഉൽപാദനം കൂട്ടാൻ ഒപെക് രാജ്യങ്ങൾ തയ്യാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. നവംബറോടെ പ്രതിദിനം 4 ലക്ഷം ബാരൽ അധികമായി വിതരണം ചെയ്യുമെന്ന് ഒപെക് രാജ്യങ്ങൾ പറയുന്നുണ്ടെങ്കിലും സൗദി, കുവൈത്ത്, ഇറാഖ്, റഷ്യ, യുഎഇ രാജ്യങ്ങളിലെ നിലവിലെ ഉൽപാദനം 14 ശതമാനം കുറവാണ്.
Read also: കോവിഡ് മരണം; സമാശ്വാസ സഹായത്തിന്റെ ഉത്തരവിറങ്ങി