ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,561 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന കേസുകൾ തുടർച്ചയായ 24 ദിവസമായി ഒരു ലക്ഷത്തിൽ താഴെയാണ്.
14,947 പേർ രോഗമുക്തി നേടിയപ്പോൾ 142 പേർക്കാണ് ഒരു ദിവസത്തിനിടെ കോവിഡ് മൂലം ജീവൻ നഷ്ടമായത്.
നിലവിൽ 77,152 സജീവ കേസുകളാണ് രാജ്യത്തുള്ളത്. മൊത്തം അണുബാധയുടെ 0.18 ശതമാനം മാത്രമാണിത്.
അതേസമയം രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,14,388 ആണ്. രോഗമുക്തി നിരക്ക് 98.62 ശതമാനമായി ഉയർന്നതായും മന്ത്രാലയം അറിയിച്ചു.
കേരളത്തിൽ കഴിഞ്ഞ ദിവസം 2,373 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 36,747 സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കി. രോഗമുക്തി നേടിയവർ 5,525 പേരും കോവിഡ് മരണം സ്ഥിരീകരിച്ചത് 7 പേർക്കുമാണ്.
രാജ്യത്ത് വാക്സിനേഷനും പുരോഗമിക്കുകയാണ്. ബുധനാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 178 കോടിയിലേറെ വാക്സിൻ ഡോസുകൾ രാജ്യത്തുടനീളം വിതരണം ചെയ്തിട്ടുണ്ട്.
Most Read: യുപിയിൽ ഇന്ന് ആറാംഘട്ട തിരഞ്ഞെടുപ്പ്; യോഗി കളത്തിൽ








































