ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്തത് 72,330 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 1,22,21,665 ആയി. 459 മരണങ്ങളും ഇന്ന് റിപ്പോർട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് നിലവിൽ 5,84,055 സജീവ കേസുകളാണുള്ളത്. 40,382 പേർകൂടി 24 മണിക്കൂറിനിടെ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 1,14,74,683 ആളുകളാണ് കോവിഡിൽ നിന്നും മുക്തി നേടിയത്. അതേസമയം 459 കോവിഡ് മരണങ്ങളും രാജ്യത്ത് ഒരു ദിവസത്തിനിടെ റിപ്പോർട് ചെയ്തു. ഇന്ത്യയിൽ ഇതുവരെ 1,62,927 ആളുകൾക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കനുസരിച്ച് 11,25,681 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. രാജ്യത്താകെ 24,47,98,621 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചിട്ടുണ്ട്.
അതേസമയം കോവിഡ് കേസുകളിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാക്സിനേഷൻ പുരോഗമിക്കുന്ന രാജ്യത്ത് ഇതുവരെ 6,51,17,896 പേർക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകിയതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 45 വയസിനു മുകളിലുള്ളവർക്കുള്ള വാക്സിനേഷന് ഇന്നുമുതലാണ് തുടക്കമായത്. എല്ലാവരും വാക്സിനേഷൻ പ്രക്രിയയുടെ ഭാഗമാക്കണമെന്ന ആരോഗ്യമന്ത്രാലയം അഭ്യർഥിച്ചു.
Read Also: ബാങ്ക് ലയനം; 7 ബാങ്കുകളുടെ ചെക്ക് ബുക്ക് ഇന്ന് മുതൽ അസാധുവാകും








































