ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2.17 ലക്ഷത്തിലധികം ആളുകൾക്ക്. 2,17,353 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്തത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 1,100ലധികം കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടത് 1,185 ആളുകളാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,74,308 ആയി ഉയർന്നു.
രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,42,91,917 ആണ്. നിലവിൽ 15,69,743 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,302 പേർ രോഗമുക്തി നേടിയതോടെ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയവരുടെ എണ്ണം 1,25,47,866 ആയി.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കനുസരിച്ച് 14,73,210 സാമ്പിളുകളാണ് വ്യാഴാഴ്ച പരിശോധിച്ചത്. ഏപ്രിൽ 15 വരെ രാജ്യത്തുടനീളം 26,34,76,625 സാമ്പിളുകളാണ് പരിശോധിച്ചത്.
വാക്സിനേഷൻ തുടരുന്ന രാജ്യത്ത് 11,72,23,509 ഡോസ് വാക്സിൻ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. അതേസമയം രാജ്യത്തെ വാക്സിൻ ക്ഷാമം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ വാക്സിൻ ലഭ്യമല്ലാത്ത നിലയിലാണ്.
അതേസമയം രാജ്യത്ത് റഷ്യൻ നിർമിതമായ സ്പുട്നിക് 5 വാക്സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയിട്ടുണ്ട്. സ്പുട്നിക് 5 വാക്സിൻ ഈ മാസം തന്നെ രാജ്യത്ത് എത്തുമെന്നാണ് വിവരം.
Read Also: ഈ മാസം തന്നെ സ്പുട്നിക് വാക്സിന് ഇന്ത്യയിലെത്തും








































