ന്യൂഡെൽഹി: കോവിഡിനെതിരായ വാക്‌സിന്റെ പ്രതിവാര വിതരണത്തിൽ റെക്കോർഡ് വർധന. ജൂൺ 21നും 26നും ഇടയിൽ രാജ്യത്ത് വിതരണം ചെയ്‌തത് 3.3 കോടിയിൽ അധികം ഡോസ് വാക്‌സിനെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ഏപ്രിൽ 3നും 9നും ഇടയിൽ 2.47 കോടി ഡോസുകൾ നൽകിയതാണ് ഇതിന് മുൻപുള്ള റെക്കോഡ് വാക്‌സിനേഷൻ. ജൂൺ 21ന് മാത്രം 80 ലക്ഷത്തിലധികം പേർക്കാണ് വാക്‌സിൻ നൽകിയത്.
അതേസമയം, മൂന്നുകോടിയിൽ അധികം വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌ത സംസ്‌ഥാനമായി മഹാരാഷ്‌ട്ര മാറി. വെള്ളിയാഴ്‌ചയാണ് മഹാരാഷ്‌ട്രയിലെ വാക്‌സിൻ വിതരണം മൂന്നുകോടി കടന്നത്. ഉത്തർ പ്രദേശ്, കർണാടക, ഗുജറാത്ത്, പശ്‌ചിമ ബംഗാൾ തുടങ്ങിയ സംസ്‌ഥാനങ്ങൾ രണ്ടുകോടിക്കും മൂന്നുകോടിക്കും ഇടയിൽ വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തിട്ടുണ്ട്.
ജൂൺ 21ന് വിവിധ സംസ്‌ഥാനങ്ങൾ മെഗാ വാക്‌സിനേഷൻ ക്യാംപുകൾ സംഘടിപ്പിച്ചിരുന്നു. ഈ ക്യാംപുകളാണ് റെക്കോഡ് വാക്‌സിൻ വിതരണത്തിന് കാരണമായത്. രാജ്യത്തെ അർഹരായ മുഴുവൻ ആളുകൾക്കും 2021 ഡിസംബറോടെ വാക്‌സിൻ നൽകുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്‌തമാക്കിയിരുന്നു.
Read also: പഞ്ചാബിൽ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി







































