ന്യൂഡെൽഹി: ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയിലെ രണ്ടാം മൽസരം ഇന്ന്. ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് മൽസരം ആരംഭിക്കുക. ആദ്യ മൽസരം വിജയിച്ച ഇന്ത്യക്ക് ഇന്ന് കൂടി വിജയിക്കാനായാൽ പരമ്പര സ്വന്തമാക്കാം. മൂന്ന് മൽസരങ്ങളാണ് പരമ്പരയിൽ ഉള്ളത്.
ഋതുരാജ് ഗെയ്ക്ക്വാദ് പരിക്കേറ്റ് പുറത്തായതോടെ ഓപ്പണിംഗിൽ കിഷൻ-രോഹിത് സഖ്യം തന്നെ തുടരും. വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ മോശം പ്രകടനം ശ്രീലങ്കക്കെതിരായ ആദ്യ മൽസരത്തിലൂടെ കഴുകിക്കളഞ്ഞ കിഷൻ മികച്ച പ്രകടനം തുടരാനുള്ള ശ്രമത്തിലാണ്. ആദ്യ മൽസരത്തിൽ 89 റൺസെടുത്ത കിഷൻ ആയിരുന്നു കളിയിലെ താരം.
ടി-20 ലോകകപ്പിനുള്ള പരീക്ഷണം കൂടിയായ പരമ്പരയിൽ പന്തിന്റെ ബാക്കപ്പ് വിക്കറ്റ് കീപ്പറാവാനുള്ള സാധ്യതയിൽ കിഷൻ മുന്നിലാണ്. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് ആദ്യ മൽസരത്തിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല.
വരാനിരിക്കുന്ന രണ്ട് കളികളിലും മികച്ച പ്രകടനം നടത്തിയെങ്കിലേ സഞ്ജുവിന് ലോകകപ്പ് ടീമിൽ പ്രതീക്ഷ വെക്കാൻ സാധിക്കൂ. ടീമിൽ മാറ്റങ്ങളുണ്ടാവാനിടയില്ല. കോവിഡ് പോസിറ്റീവായിരുന്ന വനിന്ദു ഹസരങ്കയും പരുക്കേറ്റിരുന്ന മഹീഷ് തീക്ഷണയും ശ്രീലങ്കയിലേക്ക് തിരികെ പോയതിനാൽ ഇരുവരും പരമ്പരയിൽ ഇനി കളിക്കില്ല. കുശാൽ മെൻഡിസും പരുക്കിൽ നിന്ന് മുക്തനായിട്ടില്ല. ശ്രീലങ്കൻ ടീമിലും മാറ്റങ്ങൾ ഉണ്ടായേക്കില്ല.
Read Also: മീഡിയ വൺ വിലക്ക്; ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമെന്ന് എംഎ ബേബി









































