മുംബൈ: നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. കോവിഡ് വ്യാപനത്തിൽ രാജ്യം പിടയുമ്പോഴും കോടികൾ ചിലവഴിച്ച് നടത്തുന്ന സെൻട്രൽ വിസ്താ പദ്ധതിക്ക് എതിരെയാണ് ശിവസേന വിമർശനം ഉന്നയിച്ചത്. കോവിഡ് തീർത്ത പ്രതിസന്ധി മറികടക്കാൻ അയൽ രാജ്യങ്ങളിൽ നിന്നും ഇന്ത്യക്ക് സഹായങ്ങൾ കിട്ടുന്നുണ്ട്. എന്നാൽ കോടികൾ പൊടിച്ചു നടത്തുന്ന സെൻട്രൽ വിസ്താ പദ്ധതി നിർത്തിവെക്കാൻ പോലും മോദി സർക്കാർ തയ്യാറാകുന്നില്ലെന്ന് ശിവസേന മുഖപത്രമായ സാംനയുടെ എഡിറ്റോറിയലിൽ കുറ്റപ്പെടുത്തി.
മുൻ പ്രധാനമന്ത്രിമാരായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, മൻമോഹൻ സിംഗ് എന്നിവരടക്കം കഴിഞ്ഞ 70 വർഷത്തിനിടയിൽ സൃഷ്ടിച്ച സംവിധാനം ഇന്ന് നേരിടുന്ന ദുഷ്കരമായ സാഹചര്യങ്ങളെ അതിജീവിക്കാൻ രാജ്യത്തെ സഹായിച്ചിട്ടുണ്ടെന്നും ശിവസേന പറഞ്ഞു.
“കൊറോണ വൈറസ് രാജ്യത്ത് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് ലോകത്തിന് തന്നെ ഭീഷണിയുണ്ടെന്ന് യുനിസെഫ് ആശങ്ക പ്രകടിപ്പിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ പരമാവധി രാജ്യങ്ങൾ ഇന്ത്യയെ സഹായിക്കണമെന്നും അഭ്യർഥിച്ചു. ബംഗ്ളാദേശ് 10,000 റെംഡെസിവിർ മരുന്ന് അയച്ചപ്പോൾ ഭൂട്ടാൻ മെഡിക്കൽ ഓക്സിജൻ അയച്ച് സഹായിച്ചു. നേപ്പാൾ, മ്യാൻമർ, ശ്രീലങ്ക എന്നീ രാജ്യങ്ങളും ‘ആത്മനിർഭർ’ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നിട്ടും സ്വന്തം രാജ്യത്തെ രക്ഷിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല,”- ശിവസേന പറഞ്ഞു.
“നെഹ്റു-ഗാന്ധി കുടുംബം സൃഷ്ടിച്ച വ്യവസ്ഥയിലാണ് ഇന്ത്യ നിലനിൽക്കുന്നത്. നിരവധി ദരിദ്ര രാജ്യങ്ങൾ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. നേരത്തെ പാകിസ്ഥാൻ, റുവാണ്ട, കോംഗോ തുടങ്ങിയ രാജ്യങ്ങൾ മറ്റുള്ളവരുടെ സഹായം തേടിയിരുന്നു. എന്നാൽ മോദി ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾ കാരണം ഇന്ത്യ ഇപ്പോൾ ആ അവസ്ഥയിലൂടെ കടന്നുപോവുകയാണ്,”- ശിവസേന കുറ്റപ്പെടുത്തി.
ദരിദ്ര രാജ്യങ്ങൾ ഇന്ത്യയെ തങ്ങളുടേതായ രീതിയിൽ സഹായിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡെൽഹിയിൽ 20,000 കോടി ചിലവ് വരുന്ന സെൻട്രൽ വിസ്ത പദ്ധതി നിർത്തിവെക്കാൻ തയ്യാറാകുന്നില്ലെന്നും ശിവസേന കൂട്ടിച്ചേർത്തു.
Also Read: പാറപൊട്ടിക്കൽ; ക്വാറി ഉടമകളുടെ ഹരജികളിൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കും








































