ന്യൂഡെൽഹി: കേന്ദ്ര സർക്കാർ വാക്സിൻ നയത്തിൽ വരുത്തിയ മാറ്റത്തിനു ശേഷമുള്ള ആദ്യ ദിനമായ ഇന്നലെ 86 ലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം. ഇതുവരെയുള്ള പ്രതിദിന വാക്സിൻ വിതരണത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ഏപ്രിലിൽ ഒറ്റ ദിവസം 42,65,157 ഡോസുകൾ വിതരണം ചെയ്തതാണ് ഇതിനു മുൻപുള്ള ഉയർന്ന വാക്സിനേഷൻ.
വാക്സിൻ നയത്തിൽ വരുത്തിയ മാറ്റപ്രകാരം കേന്ദ്രീകൃത വാക്സിൻ വിതരണ രീതി ഇന്നലെയാണ് ആരംഭിച്ചത്. കേന്ദ്ര സർക്കാരിന്റെ കോവിൻ വെബ്സൈറ്റ് പ്രകാരം 86,16,373 വാക്സിൻ ഡോസുകളാണ് തിങ്കളാഴ്ച മാത്രം നൽകിയത്. റെക്കോർഡുകൾ ഭേദിച്ചുള്ള വാക്സിനേഷൻ കണക്കുകൾ സന്തോഷം നൽകുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതൽ വാക്സിൻ ഡോസുകൾ വിതരണം ചെയ്തത് മധ്യപ്രദേശിലാണ്. 16,01,548 ഡോസുകൾ. ഹരിയാനയിൽ രണ്ടു ലക്ഷത്തോളം പേർ ഇന്നലെ വാക്സിൻ സ്വീകരിച്ചതായാണ് വിവരം. ഏഴു ലക്ഷത്തോളം പേരെ ലക്ഷ്യമിട്ട് കർണാടക തുടങ്ങിയ വാക്സിൻ യജ്ഞം പത്തു ലക്ഷത്തോളം പേരിലാണ് അവസാനിച്ചത്. ഉത്തർപ്രദേശ്- 6,74,546, രാജസ്ഥാൻ- 4,30,439, മഹാരാഷ്ട്ര- 3,78,945, ബംഗാൾ- 3,17,991 എന്നിങ്ങനെയാണ് മറ്റ് ഉയർന്ന കണക്കുകൾ.
Must Read: ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ കൃത്യമായി ലഭിക്കുന്നില്ല; ലോകാരോഗ്യ സംഘടന







































