കാൻപുർ: ബംഗ്ളാദേശിനെതിരായ രണ്ടാം ടെസ്‌റ്റിൽ ഇന്ത്യക്ക് വിജയം. 95 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 17.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ വിജയത്തിലെത്തി. വിരാട് കോലിയും (37 പന്തിൽ 29), ഋഷഭ് പന്തും (അഞ്ചു പന്തിൽ നാല്) ചേർന്നാണ് ടീം ഇന്ത്യക്കായി വിജയ റൺസ് കുറിച്ചത്.
യശസി ജയ്‌സ്വാൾ രണ്ടാം ഇന്നിങ്‌സിലും അർധ സെഞ്ചറി നേടി പുറത്തായി. ക്യാപ്‌റ്റൻ രോഹിത് ശർമയും (8), ശുഭ്‌മാൻ ഗില്ലുമാണ് (6) രണ്ടാം ഇന്നിങ്‌സിൽ പുറത്തായ മറ്റു ഇന്ത്യൻ ബാറ്റർമാർ. സ്‌കോർ: ബംഗ്ളാദേശ്- 233, 146, ഇന്ത്യ- 289/9, 98/3.
ചെന്നൈയിൽ നടന്ന ആദ്യ ടെസ്‌റ്റിൽ ഇന്ത്യ 280 റൺസ് വിജയം നേടിയിരുന്നു. രണ്ടാം വിജയത്തോടെ പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി. മഴ കാരണം രണ്ടുദിവസം ഒരു പന്ത് പോലും എറിയാൻ സാധിക്കാതിരുന്ന കളിയാണ് ശക്‌തമായ പ്രകടനത്തിലൂടെ ഇന്ത്യ തിരിച്ചുപിടിച്ചത്. വിജയം ലക്ഷ്യമാക്കി കളിച്ച ഇന്ത്യ, നാലാം ദിവസം 285 റൺസെടുത്ത് ഇന്നിങ്‌സ് ഡിക്ളയർ ചെയ്‌തത് മൽസരത്തിൽ നിർണായകമായി.
രണ്ടാം ഇന്നിങ്സിൽ 47 ഓവറുകൾ ബാറ്റ് ചെയ്‌ത ബംഗ്ളാദേശ് 146 റൺസെടുത്ത് പുറത്തായി. അർധ സെഞ്ചറി ഷദ്‌മാൻ ഇസ്‍ലാമാണ് ബംഗ്ളാദേശിന്റെ ടോപ് സ്‌കോറർ. 101 പന്തുകൾ നേരിട്ട താരം 50 റൺസെടുത്ത് പുറത്തായി. അവസാന ദിവസം സ്‌പിന്നർമാരാണ് ഇന്ത്യക്കായി തിളങ്ങിയത്. രവീന്ദ്ര ജഡേജയും ആർ അശ്വിനും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. പേസർ ജസ്‌പ്രീത് ബുമ്രയും മൂന്ന് വിക്കറ്റുകൾ നേടി.
Most Read| രണ്ട് തലയും ഒരു ഉടലും; അപൂർവ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാൻ ജനത്തിരക്ക്