മുംബൈ: ടീം ഇംഗ്ളണ്ട് ഉയർത്തിയ കടുത്ത പോരാട്ടം മറികടന്ന് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിലേക്ക് കടന്നു. ട്വിന്റി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡ് നേടാൻ ഇന്ത്യക്ക് ഒരു വിജയം മാത്രമാണ് അകലെ. ഞായറാഴ്‌ച നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും.
മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ ഏഴ് റൺസിന് വിജയിച്ചാണ് ഇന്ത്യ തുടർച്ചയായ രണ്ടാം ഫൈനലിന് യോഗ്യത നേടിയത്. ഇന്ത്യ ഉയർത്തിയ 254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ളണ്ട് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 246 റൺസെടുത്തു. സെഞ്ചറി നേടിയ ജേക്കബ് ബെതൽ 48 പന്തിൽ 105 റൺസെടുത്തെങ്കിലും ഇന്ത്യയുടെ പോരാട്ട വീര്യത്തിന് ബദലാകാൻ സാധിച്ചില്ല.
എന്നാൽ, ഇന്ത്യ ഉയർത്തിയ റെക്കോർഡ് വിജയലക്ഷ്യത്തിന് മുന്നിൽ നന്നായി പൊരുതിയാണ് തോൽവി ഏറ്റുവാങ്ങിയതെന്ന് ഇംഗ്‌ളണ്ടിന് ആശ്വസിക്കാം. തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചറി നേടിയ മലയാളി താരം സഞ്‌ജു സാംസണാണ് കളിയിലെ താരം.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 253 റൺസെടുത്തു. ട്വന്റി20 നോക്ക്ഔട്ടിലെ ഏറ്റവും ഉയർന്ന സ്‌കോറാണിത്. 42 പന്തിൽ 89 റൺസെടുത്ത ഓപ്പണർ സഞ്‌ജു സാംസണിന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ വമ്പൻ സ്‌കോറിലേക്ക് നയിച്ചത്. ഏഴ് സിക്‌സും, എട്ട് ഫോറുകളും ബൗണ്ടറി കടത്തിയ സഞ്ജുവിനെ, വിൽ ജാക്‌സിന്റെ 14ആം ഓവറിലെ ആദ്യ പന്തിൽ സോൾട്ട് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
26 പന്തുകളിൽ നിന്നാണ് സഞ്‌ജു അർധ സെഞ്ചറി നേടിയത്. ട്വിന്റി20 നോക്ക്ഔട്ടിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോറാണിത്. ശിവം ദുബെ (25 പന്തിൽ 43), ഇഷാൻ കിഷൻ (18 പന്തിൽ 39), ഹർദിക് പാണ്ഡ്യ (12 പന്തിൽ 27), തിലക് വർമ (7 പന്തിൽ 21) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറർമാർ.
Most Read| മലയാളം ഇനി ഭരണഭാഷ; മലയാള ഭാഷ ബില്ലിൽ ഒപ്പിട്ട് ഗവർണർ






































