ലണ്ടൻ : യുകെയിൽ കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഇരട്ടിയായതായി റിപ്പോർട്. ഇന്ത്യയിൽ കൂടുതലായി കണ്ടെത്തിയ വകഭേദത്തിന് സമാനമായ ബി1.617.2 ആണ് യുകെയിൽ കണ്ടെത്തിയത്. ഇത് രാജ്യത്തെ സ്ഥിതിയിൽ കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. 1,313 ആളുകൾക്കാണ് രാജ്യത്ത് കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വകഭേദം സ്ഥിരീകരിച്ചത്. എന്നാൽ ഈ ആഴ്ച ആയപ്പോഴേക്കും കോവിഡിന്റെ ഇന്ത്യൻ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 3,424 ആയി ഉയർന്നു.
രാജ്യത്ത് ഇന്ത്യൻ വകഭേദം കൂടുതൽ ആളുകളിൽ സ്ഥിരീകരിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ടെന്നും, രാജ്യത്തെ ലോക്ക്ഡൗൺ പൂർണമായി നീക്കുന്നതിന് ഇത് തടസമാകുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. കൂടാതെ രോഗവ്യാപനം കുറക്കുന്നതിനായി വാക്സിൻ ഡോസുകൾ സ്വീകരിക്കുന്നതിലുള്ള ഇടവേള ചുരുക്കി വാക്സിനേഷൻ ത്വരിതപ്പെടുത്താനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ വാക്സിൻ വിജയിക്കുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
യുകെയിൽ പ്രായപൂർത്തിയായ 70 ശതമാനത്തോളം ആളുകളും ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരാണ്. കോവിഡ് വ്യാപനം കുറയുന്നതിന്റെ പശ്ചാത്തലത്തിൽ അടുത്ത ജൂൺ 21ആം തീയതിയോടെ രാജ്യം പൂർണമായും തുറക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇക്കാര്യം പുനഃപരിശോധിച്ച ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.
Read also : ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രിക്ക്; വിവാദത്തിൽ പ്രതികരണവുമായി സിപിഐഎം







































