ന്യൂ ഡെല്‍ഹി: ഈ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ജിഡിപിയില്‍ 9.5 ശതമാനത്തിന്റെ ഇടിവുണ്ടായേക്കും എന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. പുതുതായി രൂപീകരിച്ച മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) മൂന്ന് ദിവസത്തെ യോഗത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം പല മേഖലകളിലും ഉയര്‍ച്ച കാണിക്കുന്നത് ശുഭ സൂചനയാണെന്നും അതിനാല്‍ സമീപ ഭാവിയില്‍ തന്നെ വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇത്രയും വലിയ രീതിയിലുള്ള ഇടിവ് ഉണ്ടാകാന്‍ കാരണമായി ആര്‍ബിഐ വിലയിരുത്തുന്നത് കോവിഡ് മൂലം സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായ പ്രതിസന്ധിയാണ്.
അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ തന്നെ വളര്‍ച്ചയില്‍ കൂടുതല്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്. അടുത്ത ജനുവരിക്കും മാര്‍ച്ചിനും ഇടയിലുള്ള അവസാന പാദത്തില്‍ വളര്‍ച്ച കൂടുമെന്നാണ് കേന്ദ്ര ബാങ്കിന്റെ കണക്കു കൂട്ടല്‍.
ഗ്രാമീണ മേഖലയില്‍ അടക്കം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തുന്നു, ഖാരിഫ് വിളകളുടെ ഉല്പാദനം ഇപ്പോള്‍ തന്നെ മികച്ച നിലയിലാണ്. ഭക്ഷ്യ വിളകളുടെ ശേഖരണം റെക്കോര്‍ഡ് നേട്ടത്തിലാണ്, ദാസ് പറയുന്നു.
Read Also: ‘സ്വതന്ത്ര ജുഡീഷ്യറിയും കർഷക-സ്ത്രീ സുരക്ഷയും ബിജെപിയുടെ പരാജയം കൊണ്ടേ സാധ്യമാകൂ’
ആര്‍ബിഐക്ക് പുറമേ മറ്റ് ഏജന്‍സികളും രാജ്യത്തിന്റെ ജിഡിപിയില്‍ വന്‍ ഇടിവുണ്ടാകും എന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ജിഡിപിയില്‍ 9.6 ശതമാനം കുറവുണ്ടാകും എന്നാണ് പറയുന്നത്. പ്രമുഖ ഏജന്‍സിയായ ഫിച്ച് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ 10 ശതമാനത്തില്‍ അധികം ഇടിവുണ്ടാകും എന്നാണ് പറയുന്നത്.





































