കൊല്ലം: മനുഷ്യക്കടത്തിനായി കൊല്ലത്ത് നിന്ന് ബോട്ട് വാങ്ങിയതായി സൂചന. സംഭവത്തില്‍ തമിഴ്നാട് ക്യൂ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ശ്രീലങ്കന്‍ തമിഴരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളും ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാമേശ്വരം സ്വദേശിക്കു വേണ്ടി ശക്തികുളങ്ങരയില്‍ നിന്നു 50 ലക്ഷം രൂപയുടെ ബോട്ട് വാങ്ങിയത് കുളത്തുപ്പുഴ സ്വദേശികളാണ് എന്നാണ് ക്യൂ ബ്രാഞ്ചിന് കിട്ടിയ രഹസ്യ വിവരം.
അന്വേഷണത്തിന്റെ ഭാഗമായി ക്യൂ ബ്രാഞ്ച് സംഘം കുളത്തുപ്പുഴയിലും ശക്തികുളങ്ങരയിലും എത്തിയെന്ന് സൂചനയുണ്ട്. രാമേശ്വരത്ത് ശ്രീലങ്കര്‍ വംശജര്‍ താമസിക്കുന്ന മണ്ഡപം ക്യാംപ്, മധുര, സേലം തുടങ്ങി നാല് ക്യാംപുകളില്‍ നിന്ന് നിരവധി കുടുംബങ്ങളെ കാണാതായ സംഭവത്തിലാണ് ക്യൂ ബ്രാഞ്ച് മനുഷ്യകടത്ത് നിഗമനത്തിലേക്ക് എത്തിയത്. കേരളതീരത്തും ജാഗ്രത പാലിക്കാന്‍ ക്യൂ ബ്രാഞ്ച് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നിർദ്ദേശം നൽകി.
അതേസമയം കഴിഞ്ഞ 22ന് കുളച്ചല്‍ നിന്നും കർണാടകയിലേക്ക് മരിയാന് എന്ന പേരിലുള്ള ബോട്ട് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പുറപ്പെട്ടതായി നാഗര്‍കോവിലില്‍ നിന്നുള്ള ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വിവരം കൈമാറിയിട്ടുണ്ട്. നേരത്തെയും ശക്തികുളങ്ങരയില്‍ നിന്ന് മനുഷ്യക്കടത്തിന് ബോട്ട് വാങ്ങിയതുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചില ബോട്ടുടമകളും നിരീക്ഷണത്തിലാണ്.
Most Read: മധ്യപ്രദേശിൽ ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കും; വിഎച്ച്പി ഭീഷണി







































