തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് രാത്രി മുതൽ പെട്രോൾ പമ്പുകൾ അടച്ചിടും. നാളെ പുലർച്ചെ ആറുമണിവരെയാണ് പമ്പുകൾ അടച്ചിട്ടു സ്വകാര്യ പെട്രോൾ പമ്പുടമകൾ സൂചനാ പണിമുടക്ക് നടത്തുന്നത്. ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ആണ് സമരത്തിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോൾ പമ്പുകൾക്ക് നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക്.
പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കിൽ മാർച്ച് മുതൽ രാത്രി പത്ത് മണിവരെ മാത്രമേ പമ്പുകൾ പ്രവർത്തിക്കുകയുള്ളൂവെന്നും അസോസിയേഷൻ വ്യക്‌തമാക്കിയിട്ടുണ്ട്. പുതുവൽസര തലേന്ന് മുതൽ പമ്പുകൾ അടച്ചിടുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെങ്കിലും, പമ്പുകളെ സംരക്ഷിക്കാൻ സർക്കാർ നിയമനിർമാണം നടത്തണമെന്നാണ് സംഘടനയുടെ ആവശ്യം. പമ്പുകളിൽ ഗുണ്ടാ ആക്രമണവും മോഷണവും പതിവാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
സംസ്‌ഥാന വ്യാപകമായി സ്വകാര്യ പെട്രോൾ പമ്പുകൾ അടച്ചു സൂചനാ സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കെഎസ്ആർടിസിയുടെ ഉടമസ്‌ഥതയിലുള്ള 14 യാത്രാ ഫ്യൂവൽസ് ഔട്ട്‌ലെറ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈസ്‌റ്റ് ഫോർട്ട്, വികാസ് ഭവൻ, കിളിമാനൂർ, ചടയമംഗലം, പൊൻകുന്നം, ചേർത്തല, മാവേലിക്കര, മൂന്നാർ, മൂവാറ്റുപുഴ, പറവൂർ, ചാലക്കുടി, തൃശൂർ, ഗുരുവായൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് യാത്രാ ഫ്യൂവൽസ് ഔട്ട്‌ലെറ്റുകൾ ഉള്ളത്.
Most Read| ഖേൽരത്‌ന, അർജുന അവാർഡുകൾ കർത്തവ്യപഥിൽ ഉപേക്ഷിച്ചു വിനേഷ് ഫോഗട്ട്