തിരുവനന്തപുരം: കിറ്റെക്‌സ് വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പരാതികൾ ഉയർന്നാൽ പരിശോധന നടത്തുന്നത് സ്വാഭാവികമാണെന്നും അതിനെ വേട്ടയാടലായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ എല്ലാവരും ബാധ്യസ്‌ഥരാണ്. ഒറ്റപ്പെട്ട എന്തെങ്കിലും ചൂണ്ടിക്കാണിച്ച് സംസ്‌ഥാനത്തിന്റെ വ്യവസായ പുരോഗതിക്ക് തടസം സൃഷ്‌ടിക്കാനുള്ള ശ്രമം നല്ലതല്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളം നിക്ഷേപാനുകൂലമല്ല എന്നത് കാലഹരണപ്പെട്ടതും വസ്‌തുതകള്‍ക്ക് മുന്നില്‍ പരാജയപ്പെട്ട് പോകുന്നതുമായ വാദമാണ്. പറഞ്ഞു പഴകിയ ഈ വാദം ഇപ്പോഴും ഉയര്‍ത്തുന്നത് കേരളത്തിനെതിരെ ഉള്ള വാദമാണ്. കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണത്. ദേശീയ തലത്തില്‍ മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലവിലുള്ള സംസ്‌ഥാനമാണ് ഇന്ന് കേരളം. വിജ്‌ഞാന സമ്പദ്ഘടനയിലേക്കുള്ള മാറ്റമാണ് നാം ലക്ഷ്യം വെക്കുന്നത്. അതിനുള്ള നടപടികളാണ് നാം സ്വീകരിച്ചുപോന്നത്. നീതി ആയോഗ് ഈ മാസം പ്രസിദ്ധപ്പെടുത്തിയ സുസ്‌ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതാണ്. 75 സ്‌കോര്‍ നേടിയാണ് നമ്മുടെ സംസ്‌ഥാനം ഒന്നാമതെത്തിയത്. സൂചികയിലെ പ്രധാന പരിഗണനാ വിഷയമായ വ്യവസായ വികസനമാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായകമായത്; അദ്ദേഹം പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം 2016 മുതല്‍ സുപ്രധാനമായ വ്യവസായ നിക്ഷേപാനുകൂല നടപടികള്‍ സ്വീകരിക്കുകയുണ്ടായി. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മാത്രം 70,946 ചെറുകിട വ്യവസായ യൂണിറ്റുകള്‍ പുതുതായി ആരംഭിച്ചു. 6,612 കോടി രൂപയുടെ നിക്ഷേപമെത്തി. 2 ലക്ഷം യൂണിറ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. 100 കോടി രൂപ വരെ മുതല്‍മുടക്കുള്ള വ്യവസായങ്ങള്‍ക്ക് ഒരാഴ്‌ചക്കകം അനുമതി നല്‍കാന്‍ നിയമഭേദഗതി കൊണ്ടുവന്നു. നിക്ഷേപകര്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയാല്‍ ഒരാഴ്‌ചക്കകം ആവശ്യമായ അംഗീകാരം നല്‍കും. കെ സ്വിഫ്റ്റ് വഴി അപേക്ഷ നല്‍കാം.
എംഎസ്എംഇ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷകളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കെഎസ്ഐഡിസി എംഡി കണ്‍വീനറായി ‘നിക്ഷേപം സുഗമമാക്കല്‍’ ബ്യൂറോ രൂപീകരിച്ചു. സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ടോള്‍ ഫ്രീ സൗകര്യം, സംരംഭക അനുമതിക്കുള്ള അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് രൂപീകരിച്ച ഇന്‍വെസ്‌റ്റ്മെന്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, ഇന്‍വെസ്‌റ്റ് കണക്‌ട് ന്യൂസ് ലെറ്റര്‍, വ്യവസായ ലൈസന്‍സ് കാലാവധി 5 വര്‍ഷമായി വര്‍ധിപ്പിക്കാനുള്ള നടപടി, ലൈസന്‍സ് പുതുക്കുന്നതിന് ഓട്ടോ റിന്യൂവല്‍ സൗകര്യം, സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്കുള്ള അനുമതി, അസെന്‍ഡ് നിക്ഷേപക സംഗമം തുടങ്ങിയവ നിക്ഷേപം ആകര്‍ഷിക്കുന്നതിന് കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ സ്വീകരിച്ച നടപടികളും പദ്ധതികളുമാണ്; മുഖ്യമന്ത്രി വിവരിച്ചു.
ഇതിനിടയില്‍ ഒറ്റപ്പെട്ട എന്തെങ്കിലും ചൂണ്ടിക്കാണിച്ച് സംസ്‌ഥാനത്തിന്റെ വ്യവസായ പുരോഗതിക്ക് തടസം സൃഷ്‌ടിക്കാനുള്ള നീക്കങ്ങള്‍ നാടിന്റെ മുന്നോട്ടുള്ള പോക്കിനെ തകര്‍ക്കാനുള്ളതായി വിലയിരുത്തപ്പെടും. ആരെയും വേട്ടയാടാന്‍ ഈ സര്‍ക്കാര്‍ തയ്യാറല്ല. അതുകൊണ്ട് കേരളത്തിലെ വ്യാവസായിക അന്തരീക്ഷം കൂടുതല്‍ സൗഹൃദമാക്കാനും നിക്ഷേപസൗഹൃദ അന്തരീക്ഷം നല്ല രീതിയില്‍ വളര്‍ത്തി കൊണ്ടുവരാനും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുമായി മുന്നോട്ടു പോകും; അദ്ദേഹം വ്യക്‌തമാക്കി.
Most Read: വിസ്‌മയ കേസ്; കിരൺ കുമാറിന്റെ ഹരജി തിരുത്തി സമർപ്പിക്കാൻ നിർദ്ദേശം