പനാജി: രാജ്യാന്തര ചലച്ചിത്ര മേളയിൽ ഡെൻമാർക്കിൽ നിന്നുള്ള ‘ഇൻ ടു ദി ഡാർക്ക്നെസ്‘ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം നേടി. ആൻഡേൻ റാഫേനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 40 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മികച്ച സംവിധായകനുള്ള രജതമയൂര പുരസ്കാരം ‘ദി സൈലന്റ് ഫോറസ്റ്റ്‘ എന്ന തായ്വാനി ചിത്രത്തിലൂടെ കോ ചെൻ നിയെൻ കരസ്ഥമാക്കി. ഈ ചിത്രത്തിലെ അഭിനയത്തിന് സു ഷോൺ ലിയു മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ‘ഐ നെവർ ക്രൈ‘ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ സോഫിയ സ്റ്റാഫി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി.
മൽസര വിഭാഗത്തിൽ 15 ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. അർജന്റീനയിൽ നിന്നുള്ള സംവിധായകൻ പാബ്ളോ സെസാറായിരുന്നു അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷൻ. പ്രിയദർശൻ, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കർ ഷോകി (ഓസ്ട്രിയ), റുബയ്യാത്ത് ഹുസൈൻ (ബംഗ്ളാദേശ്) എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങൾ.
കാസിനോ പെരേരയാണ് മികച്ച നവാഗത സംവിധായകൻ. ‘വാലന്റീനെ‘ എന്ന ബ്രസീലിയൻ ചിത്രത്തിലൂടെയാണ് അദ്ദേഹം പുരസ്കാരം നേടിയത്. ക്രിപാൽ കലിതയുടെ ‘ബ്രിഡ്ജ്‘, കാമൻ കാലെ സംവിധാനം ചെയ്ത ‘ഫെബ്രുവരി‘ എന്നീ ചിത്രങ്ങൾ പ്രത്യേക ജൂറി പരാമർശം നേടി. എസിഎഫ്ടി യുനെസ്കോ ഗാന്ധി പുരസ്കാരം പാലസ്തീൻ സംവിധായകൻ അമീൻ നയേഫയുടെ ‘200 മീറ്റേഴ്സ്‘ എന്ന ചിത്രത്തിനാണ് ലഭിച്ചത്.
Also Read: കാർഷിക നിയമങ്ങൾ പിൻവലിക്കാൻ മകനോട് പറയണം; മോദിയുടെ അമ്മക്ക് കർഷകന്റെ കത്ത്








































