ടെഹ്റാൻ: പതിറ്റാണ്ടുകൾ നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ട വാർത്ത ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്.
രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചു. ഖമനയി ശനിയാഴ്ച പുലർച്ചെ ഓഫീസിൽ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ ഖമനയിയുടെ മകളും മരുമകനും കൊച്ചുമകനും കൊല്ലപ്പെട്ടു.
ഖമനയി അടക്കമുള്ള നേതാക്കളെ വധിച്ചത് 30 ബോംബുകൾ തുടർച്ചയായി വർഷിച്ചാണെന്ന് ഇസ്രയേൽ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു. ഖമനയിയെയും കൂട്ടാളികളെയും ഒന്നിച്ചു വധിക്കാനുള്ള സമയം നിരീക്ഷിച്ച് കണ്ടെത്തിയ ശേഷമായിരുന്നു ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണം.
ഖമനയി എവിടെയാണെന്ന് ഇന്റലിജൻസ്, ട്രാക്കിങ് സംവിധാനങ്ങൾ നിരീക്ഷിച്ചു. ഒടുവിൽ തന്റെ ഓഫീസിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തി, യാതൊരു പഴുതും നൽകാതെയായിരുന്നു ആക്രമണം. പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി.
ഇസ്രയേലിനും അമേരിക്കയുടെ താവളങ്ങൾക്കും എതിരെ രൂക്ഷമായ ആക്രമണം നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. സായുധസേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആക്രമണത്തിന് തങ്ങൾ ഒരുങ്ങുകയാണെന്നും നിമിഷങ്ങൾക്കുള്ളിൽ ഈ സൈനിക നടപടി ആരംഭിക്കുമെന്നും ഇറാൻ അറിയിച്ചു.
ലോകത്തെ പ്രധാന എണ്ണ വിതരണ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. ഇത് ആഗോള വിപണിയിൽ വലിയ എണ്ണ പ്രതിസന്ധിക്ക് കാരണമാകുമെന്ന് ആശങ്കയുണ്ട്. ഗൾഫ് രാജ്യങ്ങൾ ഉടനീളമുള്ള വിമാന സർവീസുകളും റദ്ദാക്കി. അതിനിടെ, ഖമനയിയുടെ അടുത്ത പിൻഗാമി ആരാകുമെന്ന ചർച്ചകളും തുടങ്ങി. ഖമനയിയുടെ രണ്ടാമത്തെ മകൻ മോജ്താബ ഖമനയി പരമോന്നത നേതാവാകുമെന്നാണ് വിവരങ്ങൾ.
പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ മൂന്നംഗ താൽക്കാലിക സമിതിയാകും ഇറാൻ ഭരണകൂടത്തെ നയിക്കുക. ഖമനയിയുടെ മരണവാർത്ത ഇറാനിലെ ജനങ്ങൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ടെഹ്റാൻ, ഇസ്ഫഹാൻ തുടങ്ങിയ നഗരങ്ങളിൽ ഒരു വിഭാഗം ജനങ്ങൾ തെരുവിൽ ആഹ്ളാദം പ്രകടിപ്പിച്ചപ്പോൾ സാധാരണക്കാരായ ജനങ്ങൾ കനത്ത ഭീതിയിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഭരണകൂടത്തെ അനുകൂലിക്കുന്നവർ യുഎസിനും ഇസ്രയേലിനും എതിരെ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. 1989 മുതൽ ഇറാന്റെ പരമോന്നത അധികാരം കയ്യാളിയിരുന്ന ഖമനയിയുടെ അന്ത്യം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും.
ഇറാനിലുടനീളമുള്ള സൈനിക കേന്ദ്രങ്ങളെയും മുതിർന്ന നേതാക്കളെയും ലക്ഷ്യമിട്ടായിരുന്നു യുഎസിന്റേയും ഇസ്രയേലിന്റെയും ആക്രമണം. ഏകദേശം 200 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഇറാനിലെ 500ഓളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ അവകാശപ്പെട്ടു. ഖമനയിക്ക് പുറമെ ഇറാന്റെ സൈനിക-ഭരണ നേതൃത്വത്തിലെ നിരവധി പ്രമുഖരും ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.
ഗൾഫ് ആക്രമണം, ലക്ഷ്യം എന്ത്?
അമേരിക്കയിലേക്ക് നേരിട്ട് മിസൈൽ അയക്കുന്നതിന് പകരം ഗൾഫ് രാജ്യങ്ങളിലെ യുഎസ് സേനാ താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇറാൻ തിരിച്ചടി തുടങ്ങിയത്. ഇറാന്റെ ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം രണ്ടാണ്. യുഎസ് സൈനികർക്ക് നേരിട്ടുള്ള തിരിച്ചടിയാണ് ഒന്നാമത്തെ ലക്ഷ്യം. ഗൾഫ് മേഖലയെ സംഘർഷ ഭൂമിയാക്കി യുഎസിന് മേൽ സമ്മർദ്ദം ചെലുത്തുക എന്നതാണ് രണ്ടാമത്തേത്.
ആയിരക്കണക്കിന് മൈലുകൾ അപ്പുറമുള്ള അമേരിക്കയെ നേരിട്ട് ആക്രമിക്കുക എന്നത് ഇറാന് അസാധ്യമാണ്. എന്നാൽ, ആ ദൂരം അത്രയും പിന്നിട്ട് അമേരിക്ക ഇറാനെ ആക്രമിക്കുന്നത് ഇസ്രയേൽ ഒരുക്കുന്ന സുരക്ഷിത താവളങ്ങളുടെ ബലത്തിലാണ്.
അമേരിക്ക ഇറാനെ ആക്രമിച്ചാൽ ഗൾഫ് രാജ്യങ്ങളിലേക്ക് പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ ഇറാനെ ആക്രമിക്കാൻ തങ്ങളുടെ വ്യോമപാത തുറന്ന് തരില്ലെന്ന് അമേരിക്കയോടും ഇസ്രയേലിനോടും ങൾ രാജ്യങ്ങൾ ആദ്യമേ പറഞ്ഞിരുന്നു.
സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾക്ക് ഒമാൻ മധ്യസ്ഥത ഏറ്റെടുകയും ചെയ്തു. ഗൾഫ് രാജ്യങ്ങൾ വാക്കുപാലിച്ചു. അമേരിക്കൻ ആക്രമണത്തിന് വ്യോമപാത തുറന്നുകൊടുത്തില്ല. പക്ഷേ, ഇറാൻ മര്യാദ കാട്ടിയില്ല. അമേരിക്കയ്ക്കുള്ള ആദ്യ തിരിച്ചടി ഗൾഫിലേക്ക് അവർ നൽകി. ഇന്നോളം ഗൾഫ് രാജ്യങ്ങൾ കണ്ടിട്ടില്ലാത്തത്ര ശക്തമായ വ്യോമാക്രമാണം ഇറാൻ അഴിച്ചുവിട്ടു.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം







































